ബുറൈദ ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായപ്പോൾ

ബുറൈദ ഈത്തപ്പഴ ഉത്സവത്തിന് തുടക്കം

ബുറൈദ: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ ഉത്സവത്തിന് ബുറൈദയിൽ തുടക്കമായി. പ്രവിശ്യാ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ ഖസീം ഓഫിസ് ദേശീയ പാചകകലാ അതോറിറ്റിയുടെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെ ബുറൈദ ഈത്തപ്പഴ നഗരിയിൽ സംഘടിപ്പിക്കുന്ന 'ഡേറ്റ്സ് ഫെസ്റ്റിവൽ 2022'നാണ് തിങ്കളാഴ്ച പുലർച്ചെ തുടക്കമായത്. ഈ മാസം 30 വരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും. സ്വർണവർണവും തേൻരുചിയുമുള്ള 'സുക്കരി' ഇനമാണ് ഈ മേളയിലെ പ്രധാന ഈത്തപ്പഴയിനം.

ഈന്തപ്പന കൃഷി, പരിചരണം, വിളവെടുപ്പ്‌, ഉൽപന്ന വിപണനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് സെമിനാറുകളും സംശയ നിവാരണ, ബോധവത്കരണ പരിപാടികളും വരുംദിനങ്ങളിൽ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ ഖസീം ഓഫിസ് ഡയറക്ടർ അബ്ദുൽ അസീസ് അൽ റജീഈ പറഞ്ഞു. പ്രദേശത്ത് ഈന്തപ്പന കൃഷിയുടെ വ്യാപ്തിയും നഗരിവഴി വിപണനത്തിന്റെയും കയറ്റുമതിയുടെയും സാധ്യതകളും വർധിപ്പിക്കുക എന്നത് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 



 


ബുറൈദ, ഷമ്മാസിയ, അയ്നുൽ ജുവ, ബുഖേരിയ, ഖബ്റ, ബദായ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് തോട്ടങ്ങളിൽ നിന്നായി 45ഓളം ഇനങ്ങൾ ഈ ഉത്സവ കാലത്ത് നഗരിയിലെത്തും. കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് പ്രവിശ്യയിലുള്ളത്. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉത്പാദനത്തിന്റെ 30 ശതമാനവും ഖിസീമിൽ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്നുള്ള കച്ചവടക്കാരും ഇടനിലക്കാരും ബുറൈദയിൽ എത്തിത്തുടങ്ങി. വരുംദിനങ്ങളിൽ രാജ്യത്തിന് പുറത്തുനിന്നും ആവശ്യക്കാരെത്തും. പരമ്പരാഗത പലഹാരങ്ങളും ഈത്തപ്പഴം കൊണ്ട് നിർമിക്കുന്ന ഭക്ഷണസാധനങ്ങളും മേളനഗരിയിലെ സ്റ്റാളുകളിൽ നിരന്നുതുടങ്ങി. കൗരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും, വിനോദ പരിപാടികൾ എന്നിവയും ഉത്സവത്തിന് മാറ്റുകൂട്ടും.

Tags:    
News Summary - Buraida Date Festival Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.