ബുറൈദ: കാർഷികസമൃദ്ധിയുടെ വിളനിലമായ ഖസീം പ്രവിശ്യയുടെ തലസ്ഥാനത്ത് തിങ്കളാഴ്ച ഈത്തപ്പഴ ഉത്സവത്തിന് കൊടിയേറും. ബുറൈദയിൽ തയാറാക്കിയ സ്ഥിരം മേളനഗരിയിലാണ് കാർഷിക-ജലം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖല ഓഫിസ് മുൻകൈയെടുത്ത് പ്രവിശ്യ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന 'ഡേറ്റ്സ് ഫെസ്റ്റിവൽ- 2022'. ബുറൈദ മുനിസിപ്പാലിറ്റിയുടെയും പാചക കലാ അതോറിറ്റിയുടെയും സഹകരണത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന് ഒരുക്കം പൂർത്തിയായി. അറബ് നാടുകളിൽ പ്രിയങ്കരമായ 'സുക്കരി' ഉൾപ്പെടെ ലോകോത്തര ഈത്തപ്പഴങ്ങൾ മേളയിലെ താരങ്ങളാവും.
ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ വിപണിയാണ് ബുറൈദ. മേള കാണാനും രുചിക്കാനും പ്രിയ ഈത്തപ്പഴങ്ങൾ സ്വന്തമാക്കാനുമായി രാജ്യത്തിന് അകത്തും പുറത്തുംനിന്ന് ആളുകൾ ഒഴുകിയെത്തും. തയാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രാലയം പ്രവിശ്യ ഓഫിസ് ജനറൽ സൂപ്പർവൈസർ എൻജി. സൽമാൻ ബിൻ ജാറുല്ലാഹ് അൽസുവൈൻ അറിയിച്ചു. രാജ്യത്ത് എണ്ണയിതര മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുകയും അതിനുള്ള സ്രോതസ്സുകൾ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നലക്ഷ്യം നേടിയെടുക്കുകയാണ് മേളയുടെ പ്രധാന ഉദ്ദേശ്യം. അക്കാര്യത്തിൽ കലവറയില്ലാത്ത പിന്തുണയാണ് ഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സൗദ് ബിൻ അബ്ദുൽ അസീസിൽനിന്ന് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈന്തപ്പന കർഷകർക്ക് വലിയ പ്രോത്സാഹനമാണ് അധികൃതർ നൽകിവരുന്നത്.
ബുറൈദയിലെ ഈത്തപ്പഴ നഗരിയിൽ ഒരേസമയം 3,000ത്തിലധികം വാഹനങ്ങൾ നിർത്തിയിടാം. വിവിധ നാടുകളിൽനിന്ന് വരുന്നവർക്കായി വിപുലമായ സൗകര്യങ്ങളും ഇവിടെയുണ്ട്. വിവിധയിനം ഈത്തപ്പഴങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രദർശനവും വിപണനവും ഇവിടെയുണ്ടാകും. ഖസീമിന്റെയും അറബ് സംസ്കാരത്തിന്റെയും ഭാഗമായ നിരവധി കലാ സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നാലായിരത്തിലധികം യുവതീയുവാക്കളും ഈന്തപ്പനകൃഷി രംഗത്തുള്ള നിരവധി കുടുംബങ്ങളും കരകൗശല വിദഗ്ധരും ഫെസ്റ്റിവലിന്റെ ഭാഗമാകും. ബോധവത്കരണ ക്ലാസുകളും വിനോദ പരിപാടികളും ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.