ജിദ്ദ: സ്വീഡനിൽ ഖുർആൻ കത്തിച്ചതിൽ റിയാദിലെ സ്വീഡൻ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്ഹോം സെൻട്രൽ പള്ളിക്കു മുന്നിൽ ഖുർആൻ കത്തിച്ചതിനെ അപലപിച്ച് ജൂൺ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം ഞായറാഴ്ച ജിദ്ദയിലെ ആസ്ഥാനത്ത് ഒ.െഎ.സി അടിയന്തര എക്സിക്യൂട്ടിവ് യോഗം ചേർന്ന് സംഭവം ചർച്ചചെയ്യുകയുംചെയ്ത ശേഷമാണിത്. ഒരു തീവ്രവാദി ഖുർആൻ കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സ്വീഡൻ അംബാസഡറോട് അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ അപമാനകരമായ പ്രവൃത്തിയെ സൗദി അറേബ്യ തള്ളിക്കളയുന്നു.
സഹിഷ്ണുത, മിതത്വം, തീവ്രവാദം തള്ളിക്കളയൽ എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വിരുദ്ധമായ എല്ലാ നടപടികളും നിർത്തണമെന്ന് സ്വീഡിഷ് സർക്കാറിനോട് ആവശ്യപ്പെടുന്നു. ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കുമിടയിലെ ബന്ധത്തിന് ആവശ്യമായ പരസ്പര ബഹുമാനത്തെ അത് ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു.
ഖുർആൻ കത്തിക്കുന്ന നിന്ദ്യമായ പ്രവൃത്തിയെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.െഎ.സി)യിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. സാലിഹ് ബിൻ ഹമദ് അൽ സുഹൈബാനി പറഞ്ഞു. ഖുർആന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന നഗ്നവും പ്രകോപനപരവുമായ നടപടികളും ആവർത്തിച്ചുള്ള നിന്ദ്യമായ പ്രവർത്തനങ്ങളും ഒ.െഎ.സി ചർച്ച ചെയ്തിട്ടുണ്ട്. അടിയന്തര യോഗം വിളിച്ചുകൂട്ടി വിഷയം ചർച്ച സജീവമായി ചർച്ചചെയ്തതിനെ അൽസുഹൈബാനി ഒ.െഎ.സിയെ അഭിനന്ദിച്ചു. ഇത്തരം വിദ്വേഷകരമായ പ്രവൃത്തികൾ ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അവ വെറുപ്പും ബഹിഷ്കരണവും വംശീയതയും വ്യക്തമായി പ്രേരിപ്പിക്കുന്നതാണെന്നും അൽസുഹൈബാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.