ജിദ്ദ: വിഷൻ 2030 ലക്ഷ്യമിട്ട് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പദ്ധതികളിൽ സ്വകാര്യ മേഖലകളുടെ പങ്കാളിത്തമുണ്ടാകണമെന്ന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ആവശ്യപ്പെട്ടു. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന മക്ക ബസ് ഗതാഗത പദ്ധതി കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ മുഴുവൻ പൊതുഗതാഗത പദ്ധതികളുടെയും തുടക്കമായി ഇൗ കരാറുകളെ കണക്കാക്കും.
ഗതാഗത രംഗത്ത് സ്വകാര്യമേഖലക്ക് അവസരം നൽകാൻ ഗവൺമെൻറിന് അതീവ താൽപര്യമുണ്ട്. നഗരവത്കരണത്തിെൻറയും രാജ്യ പുരോഗതിയുടെയും അളവ്കോലായി കണക്കാക്കുന്ന പദ്ധതികളിൽ സ്വകാര്യ മേഖലകൾ പങ്കാളികളാകണം. രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യാനുള്ള അവസരം തുറന്നിട്ടിരിക്കുകയാണെന്നും മക്ക ഗവർണർ പറഞ്ഞു. ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ചടങ്ങിൽ സന്നിഹിതനായിരുന്നു.ബസുകളുടെ ഒാപറേഷൻ, റിപ്പയറിങ് എന്നിവക്കുള്ള കരാർ ലഭിച്ചിരിക്കുന്നത് സൗദി നെസ്മ, ടി.സി.സി സ്പെയിൻ അലയൻസായ രണ്ട് കമ്പനിക്കൾക്കാണ്. 3200 കോടി റിയാലിെൻറ കരാറിലാണ് ഒപ്പുവെച്ചത്. 18 മാസത്തിനു ശേഷമാണ് പ്രവർത്തനം തുടങ്ങുക. പത്ത് വർഷമാണ് കാലാവധി. 400 ബസുകളാണ് ഇറക്കുമതി ചെയ്യുക. ഇതിൽ 240 എണ്ണം സാധാരണ ബസുകളും 160 എണ്ണം കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമുള്ളതുമായിരിക്കും. ലോകത്തെ അറിയപ്പെട്ട ബസ് നിർമാണ കമ്പനികളായിരിക്കും ഇവ നിർമിക്കുക. പുകമാലിന്യം കുറഞ്ഞതായിരിക്കും ബസുകൾ.
അഗ്നിശമന സംവിധാനം, എയർ കണ്ടീഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. വികലാംഗകർക്ക് ബസിലേക്ക് കയറുന്നതിന് ഹൈഡ്രോളിക് സംവിധാനമുണ്ടാകും. ബേബി വാക്കറുകൾക്കും വീൽ ചെയറുകൾക്കും പ്രത്യേകം സ്ഥലം, വൈഫൈ, നിരീക്ഷണ കാമറ, സൗണ്ട്^വിഷ്വൽ സിസ്റ്റം എന്നിവയും ബസുകളിലുണ്ടാവും. ഡിജിറ്റൽ ബോർഡുകളിൽ റൂട്ട് വിവരങ്ങൾ തൽസമയം നൽകിക്കൊണ്ടിരിക്കും.
പ്രാദേശിക സർവീസ്, എക്സ്പ്രസ് സർവീസ് എന്നിങ്ങനെ രണ്ട് തരം ബസ് സർവീസാണ് മക്കയിൽ നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ഏകദേശം 300 കിലോമീറ്ററിൽ 12 റൂട്ടുകളിലാണ് ബസ് സർവീസുണ്ടാകുക. ഇതിൽ ഏഴ് റൂട്ടുകൾ പ്രാദേശിക സർവീസിനാണ്. 103 കിലോമീറ്റർ നീളത്തിലുള്ള ഇൗ റൂട്ടുകളിൽ 83 സ്റ്റേഷനുകളുണ്ടാകും. അഞ്ച് റൂട്ടുകൾ എക്സ്പ്രസ് ബസുകൾക്കാണ്. പ്രത്യേക ട്രാക്കിലായിരിക്കും ഇൗ ബസുകൾ ഒാടുക. മക്കയിലെ 55 ശതമാനം ആളുകൾ താമസിക്കുന്ന ഭാഗങ്ങളിലൂടെയാണ് ഒന്നാംഘട്ടം ബസ് പദ്ധതി നടപ്പിലാക്കുന്നത്. തൊട്ടടുത്ത ഘട്ടങ്ങളിൽ മറ്റ് ഭാഗങ്ങളിലും നടപ്പിലാക്കും. സാഹിർ, ശൗഖിയ, ഖാലിദിയ, അസീസിയ, കുദായ്, ബത്ഹാഅ ഖുറൈശ്, റുസൈഫ, നവാരിയ, ഹജൂൻ, ശറാഅ, അവാലി, ജഅ്റാന എന്നി സ്ഥലങ്ങൾക്ക് പുറമെ മസ്ജിദ് തൻഇൗം, മസ്ജിദുൽ ഹറാം, ഉമ്മുൽഖുറാ യൂനിവേഴ്സിറ്റി, ആശുപത്രികൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും ഒന്നാംഘട്ട ബസ് സർവീസ് പദ്ധതിയിലുൾപ്പെടും. 80 ബോയ്സ് സെക്കൻററി സ്ക്കൂളുകൾ സ്ഥിതി ചെയ്യുന്നത് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്ന 450 മീറ്ററിനുള്ളിലാണ്. പദ്ധതി നടപ്പിലാകുന്നതോടെ വിദ്യാർഥികളുടെ യാത്രകളും ഹറമിലേക്കുള്ള തീർഥാടകരുടെ സഞ്ചാരവും എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.