ജിദ്ദ: ജി.സി.സി രാജ്യങ്ങൾ തമ്മിലെ അന്താരാഷ്ട്ര കര ഗതാഗതത്തിനുള്ള ഏകീകൃത സംവിധാനത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീകാരം നൽകിയത്. അഖബ ഉൾക്കടലിൽ ഗതാഗത സഹകരണത്തിനുള്ള ധാരണപത്രത്തിന്റെ കരട് ഒപ്പുവെക്കുന്നതിന് ഈജിപ്ഷ്യൻ പക്ഷവുമായി ചർച്ച ചെയ്യാൻ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള സഹകരണത്തിന് ചൈനയിലെ ഹോങ്കോങ് പ്രത്യേക ഭരണമേഖലയുടെ ഗവൺമെൻറുമായുള്ള ധാരണപത്രമുണ്ടാക്കാനും സൗദിയിൽ സ്വിസ് ബാങ്ക് യു.ബി.എസ്. എ.ജി ക്ക് ശാഖ തുറക്കാൻ ലൈസൻസ് അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.
പ്രാദേശിക പ്രശ്നങ്ങളും ആഗോള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സൗദിയും സഹോദര സൗഹൃദ രാജ്യങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ടെലിഫോൺ കാളുകളും ചർച്ചകളും സൽമാൻ രാജാവ് വിലയിരുത്തി. മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള സൗദിയുടെ ഉറച്ച നിലപാടുകൾ മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
ഗസ്സയിൽ സിവിലിയൻമാർക്കെതിരായ ഇസ്രായേൽ ആക്രമണം തടയുന്നതിനും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തെ പിന്തുണക്കാനും 1967ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള സ്ഥിരആഹ്വാനം മന്ത്രിസഭ പുതുക്കി. സാമ്പത്തിക പരിഷ്കാരങ്ങളുടെ സംസ്കാരം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന് ലോകബാങ്ക് സൗദിയിൽ ഒരു വിജ്ഞാന കേന്ദ്രം ആരംഭിക്കാൻ തെരഞ്ഞെടുത്തതിനെ മന്ത്രിസഭ വിലയിരുത്തി. ഭൂമിയിലെ വിള്ളലുകൾ കാരണം പരമ്പരാഗത കൃഷിയിടങ്ങളും വീടുകളും ഉപേക്ഷിച്ചതിന്റെ ഫലമായി ഹാഇൽ മേഖലയിലെ ‘ത്വാബ’ ഗ്രാമത്തിലെ ദുരിതബാധിതരായ ആളുകൾക്ക് രണ്ടു ലക്ഷം റിയാൽ അല്ലെങ്കിൽ അംഗീകൃത സർക്കാർ പദ്ധതികൾക്കുള്ളിൽ താമസസ്ഥലം നഷ്ടപരിഹാരമായി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.