ജിദ്ദ: കോഴിക്കോടിന്റെ അനശ്വര ഗായകൻ എം.എസ്. ബാബുരാജിന്റെ ചരമദിന വാർഷികത്തോടനുബന്ധിച്ച് ജിദ്ദയിലെ സംഗീത കൂട്ടായ്മയായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് 'തേടുന്നതാരെ ശൂന്യതയിൽ' എന്ന പേരിൽ അനുസ്മരണ ചടങ്ങും സംഗീതസന്ധ്യയും സംഘടിപ്പിച്ചു. ചടങ്ങിൽ അബ്ദുർ റഹ്മാൻ മാവൂർ അധ്യക്ഷത വഹിച്ചു. തന്റെ ചെറുപ്രായത്തിൽ ബാബുക്കയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ഗായകൻ ജമാൽ പാഷ വിവരിച്ചത് സദസ്സ് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്.
സീതി കൊളക്കാടൻ, കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ എന്നിവർ എം.എസ് ബാബുരാജ് മലയാള സംഗീതലോകത്ത് പരിചയപ്പെടുത്തിയ പുതിയ ശൈലിയെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെ കുറിച്ചും സംസാരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വരവും സൗന്ദര്യവും ഉൾപ്പെടുത്തി എം.എസ് ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ സംഗീതപ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണെന്ന് പലരും അനുസ്മരിച്ചു. ബാബുരാജിന്റെ നിരവധി ഗാനങ്ങൾ കാലാതീതമാണെന്നും തലമുറകൾക്കിപ്പുറവും അദ്ദേഹത്തിന്റെ ഗാനങ്ങൾ സംഗീതപ്രേമികളെ ആകർഷിക്കുന്നത് ആ സംഗീത പ്രതിഭയ്ക്കുള്ള അംഗീകാരമാണെന്നും ഏവരും പ്രത്യേകം എടുത്തു പറഞ്ഞു.
താമസമെന്തേ വരുവാൻ, പ്രാണസഖി, ഒരു പുഷ്പം മാത്രമെൻ, പാതിരാവായില്ല, സുറുമ എഴുതിയ, അകലെ അകലെ നീലാകാശം തുടങ്ങി ബാബുരാജിന്റെ എക്കാലത്തെയും ഹിറ്റുകളായ മുപ്പതോളം ഗാനങ്ങൾ
ജമാൽ പാഷ, മൻസൂർ ഫറോക്ക്, റാഫി കോഴിക്കോട്, മുംതാസ് അബ്ദുറഹ്മാൻ, ധന്യപ്രസാദ്, രഹന സുധീർ, നാദിർഷ, മജീദ് വെള്ളയോട്ട്, ഷയാൻ സുധീർ, സാദിഖലി തുവ്വൂർ, സുധീർ എന്നിവർ ആലപിച്ച സംഗീതസന്ധ്യ പുതുതലമുറ അടങ്ങുന്ന സദസ്സിന് മറക്കാനാവാത്ത അനുഭവമായി. മൻസൂർ ഫറോക്ക് (ഹാർമോണിയം), ഷാനു (കീബോർഡ്), ഷാജഹാൻ ബാബു (തബല) എന്നിവർ പിന്നണി ഓർക്കസ്ട്രേഷൻ ചെയ്തു.
ബാബുരാജിന്റെ സംഗീതം ശാശ്വതമാണെന്നും, കാലം കടന്നുപോകുമ്പോഴും അതിന്റെ സംഗീതപരമായ സൗന്ദര്യം ഒരു അനുഭവമായി എന്നും മലയാള സംഗീത പ്രേമികളുടെ മനസ്സിൽ നിലകൊള്ളുമെന്നും ഓർമിപ്പിച്ച് അഷ്റഫ് അൽഅറബി ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.