ജിദ്ദ: യാത്രക്കിടെ ചെങ്കടലിൽ തീപിടിച്ച പനാമ ചരക്ക് കപ്പലിലെ ജീവനക്കാരെ സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തി. ജീസാൻ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് 123 നോട്ടിക്കൽ മൈൽ അകലെ ചെങ്കടലിലൂടെ പനാമ പതാക ഉയർത്തി കടന്നുപോയിരുന്ന കപ്പലിലെ ജീവനക്കാരെയാണ് വിദേശ കപ്പലിന്റെ സഹായത്തോടെ സൗദി സേന രക്ഷപ്പെടുത്തിയത്.
കപ്പലിന് തീപിടിച്ചതായി ജിദ്ദ സെർച്ച് ആൻഡ് റെസ്‌ക്യൂ കോഓഡിനേഷൻ സെൻററിലാണ് വിവരം ലഭിച്ചതെന്ന് സേന ഔദ്യോഗിക വക്താവ് കേണൽ മുസ്ഫർ അൽഖർനി പറഞ്ഞു. ഉടനെ കപ്പലിന്റെ സ്ഥാനം നിർണയിക്കുകയും ആവശ്യമായ പിന്തുണ നൽകുന്നതിനായി ജീസാൻ മേഖലയിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻറിനും ബന്ധപ്പെട്ട വകുപ്പുകൾക്കും വിവരം കൈമാറുകയായിരുന്നു.
കപ്പൽ നിൽക്കുന്ന സ്ഥലത്തേക്ക് അതിർത്തി സേനക്ക് കീഴിലെ രക്ഷപ്രവർത്തന ബോട്ട് അയച്ചു. അതുവഴി അപ്പോൾ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കപ്പലിന്റെ സഹായത്തോടെ തീയാളിപ്പിടിക്കുന്ന കപ്പലിൽനിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. വിവിധ രാജ്യക്കാരായ 25 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി ജീസാൻ തുറമുഖത്ത് എത്തിച്ചു. സുരക്ഷാസേന, ആരോഗ്യകാര്യം, റെഡ് ക്രസൻറ്, സിവിൽ ഡിഫൻസ്, പാസ്‌പോർട്ട് ഡയറക്ടറേറ്റ് എന്നിവയിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങൾ ഇവരെ പരിചരിക്കാനെത്തി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പിന്നീട് താമസ സ്ഥലത്തേക്ക് മാറ്റുകയും നിയമപരമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്തുവെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.