ദമ്മാം: കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച 20ാമത് വോളിബാൾ ടൂര്‍ണമെൻറിന്റെ ഫൈനല്‍ മത്സരത്തില്‍ കാസ്ക് ടീം ജേതാക്കളായി. സൈൻ സ്പോർട്സ് ജുബൈൽ ടീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഏഴ് ടീമുകളാണ് ടൂർണമെൻറിൽ മത്സരിച്ചത്. കുവൈത്തിൽനിന്നുള്ള ബൂബിയൻ സ്ട്രൈക്കേഴ്സ്, സൈൻ സ്പോർട്സ്, നേപ്പാൾ-അറബ് ക്ലബ്, സ്റ്റാർ റിയാദ്, സാക്ക ഹീറോസ്, തോപ്പിൽ ചലഞ്ചേഴ്സ്, കാസ്ക് എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്.
ബൂബിയൻ സ്ട്രൈക്കേഴ്സിനെ സെമിയിൽ തോൽപിച്ചുകൊണ്ടായിരുന്നു കാസ്ക് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ സ്റ്റാർ റിയാദിനെ തോൽപിച്ച് സൈൻ സ്പോർട്സും ഫൈനലിലെത്തി.
വിജയ പരാജയങ്ങൾ മാറിമറിഞ്ഞ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കാസ്ക് വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. നവീദാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. മികച്ച സെറ്റർ ആയി സുഹൈലും (കാസ്ക്), മികച്ച അറ്റാക്കറായി നവീദും (കാസ്ക്), മികച്ച ലിബറോ ആയി ആരിഫും (സൈൻ സ്പോർട്സ്) തെരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കാസ്ക്കിന്റെ ജസീലാണ് പ്ലെയർ ഓഫ് ദി ടൂർണമെൻറ്. വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും കാസ്ക് പ്രസിഡൻറ് പ്രദീപ് കുമാറും ട്രഷറർ കെ.വി. സുരേഷും ചേർന്ന് കാസ്ക് ക്യാപ്റ്റൻ ഹാരിസിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള കാഷ് അവാർഡും ട്രോഫിയും കാസ്ക് ജനറൽ സെക്രട്ടറി സുരേഷും വൈസ് പ്രസിഡൻറ് അനിൽ കുമാറും ചേർന്ന് സൈൻ സ്പോർട്സ് ക്യാപ്റ്റൻ കൈസറിന് സമ്മാനിച്ചു. ഫെസിലിറ്റി മാനേജർ ഷാജി ഹസൻകുഞ്ഞ്, സ്പോർട്സ് കൺവീനർ ബഷീർ സബാൻ, ശ്യാംകുമാർ, ബാലു, യൂനുസ്, റസാഖ്, യാസർ, ഇബ്രാഹിം, സജ്ജാദ്, റിസ്വാൻ, ഇജാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.