ദമ്മാം: കാപ്റ്റൻ ബാലു മുന്നിൽനിന്ന് നയിച്ചപ്പോൾ എട്ടാമത് കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് പട്ടം കാസ്ക്തന്നെ സ്വന്തമാക്കി. ഇ.സി.സിക്കെതിരെ 41 റൺസിന്റെ കൂറ്റൻ വിജയമാണ് നേടിയത്. ടോസ് നേടിയ കാപ്റ്റൻ ബാലു ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പവർപ്ലേ ഓവറിൽതന്നെ ഓപണർമാരായ റാഷിയെയും ശിഹാബിനെയും കാസ്കിന് നഷ്ടമായി.
പിന്നീട് ഒത്തുചേർന്ന ബാലുവും സന്ദേശും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. പതിവിലും വ്യത്യസ്തമായി വളരെ ആക്രമണകാരിയായ ബാലുവിനെയാണ് പിന്നീട് അവിടെ കണ്ടത്. സന്ദേശ് ഉറച്ച പിന്തുണകൂടി നൽകിയതോടെ സ്കോർ കുതിച്ചുയരുകയായിരുന്നു. സമയക്കുറവുമൂലം ഏഴ് ഓവറാക്കി ചുരുക്കിയ ഫൈനലിൽ ഒരവസരത്തിൽ പോലും ടീം സ്കോർ 10 റൺസിൽ താഴെ വന്നില്ല എന്നത് ശ്രദ്ധേയമായി.
25 പന്തിൽനിന്ന് അഞ്ച് സിക്സും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 63 റൺസാണ് ബാലു അടിച്ചുകൂട്ടിയത്. 15 പന്തിൽനിന്ന് മൂന്ന് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ സന്ദേശ് 36 റൺസുമെടുത്തു. ഇരുവരും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇ.സി.സിക്കുവേണ്ടി രഞ്ജിത്, സുബിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇ.സി.സി ആദ്യ ഓവറിൽതന്നെ 18 റൺസ് നേടി വൻ പ്രതീക്ഷ നൽകി. എന്നാൽ, പിന്നീടങ്ങോട്ട് ഒരു ഘട്ടത്തിൽപോലും ഇ.സി.സിക്ക് കളിയിൽ മേൽക്കൈ നേടാൻ കഴിഞ്ഞില്ല. റസാഖിന്റെ രണ്ടാം ഓവറിൽതന്നെ ആദ്യ വിക്കറ്റ് വീണു. ഇ.സി.സി ബാറ്റർ കാഷിഫിന്റെ (ഏഴ്) വിക്കറ്റാണ് റസാഖ് നേടിയത്. വൈശാഖ് 20 റൺസ് എടുത്ത ഷാനിനെക്കൂടി മടക്കിയതോടെ കളി ഇ.സി.സിയുടെ കൈയിൽനിന്ന് വിട്ടുപോയിരുന്നു.
നാലാം ഓവർ എറിയാനെത്തിയ റസാഖ് മിന്നുന്ന ഫോമിലായിരുന്നു. സുബിൻ, അൻസർ എന്നിവരെ തുടർച്ചയായ രണ്ടു പന്തുകളിൽ മടക്കി വൻ ബ്രേക്ക് ത്രൂവാണ് റസാഖ് സമ്മാനിച്ചത്. അഞ്ചാം ഓവറിൽ ആഷിഫിന്റെ വിക്കറ്റ് റാഷിയും നേടി. ഏഴ് ഓവറിൽ ഇ.സി.സിയുടെ ഇന്നിങ്സ് 74 റൺസിൽ അവസാനിച്ചു. കാസ്കിന്റെ ജയം 41 റൺസിന്. ഫൈനൽ മാൻ ഓഫ് ദ മാച്ച് ബാലു (കാസ്ക്), ബെസ്റ്റ് വിക്കറ്റ് കീപ്പർ ജാഫർ (ഖോബാർ വാരിയേഴ്സ്), ബെസ്റ്റ് ബാറ്റർ കാഷിഫ് (ഇ.സി.സി), ബെസ്റ്റ് ബൗളർ റസാഖ് (കാസ്ക്), മാൻ ഓഫ് ദ സിരീസ് ആയി ബാലുവിനെയും തെരഞ്ഞെടുത്തു. കോമ്പസ് ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്ത റണ്ണേഴ്അപ് ട്രോഫിയും കാഷ് അവാർഡും കാസ്ക് ജനറൽ സെക്രട്ടറി സുരേഷ്, ട്രഷറർ കെ.വി. സുരേഷ് എന്നിവർ ചേർന്ന് ഇ.സി.സിക്ക് സമ്മാനിച്ചു.
പസഫിക് സ്പോൺസർ ചെയ്ത വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും പ്രസിഡന്റ് പ്രദീപ് കുമാർ, ബഷീർ എന്നിവർ ചേർന്ന് കാസ്ക് ടീമിന് സമ്മാനിച്ചു. ഷാജി ഹസ്സൻകുഞ്ഞ്, അനിൽകുമാർ, അസീം പേരാണിക്കൽ, സുധീഷ് നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ.വി. സുരേഷ് നന്ദി പറഞ്ഞു.
ദമ്മാം വാരിയേഴ്സ്, ഡെൽറ്റ, കശ്മീർ 11, സഫ അൽഅഹ്സ, പ്രോടെക്, സ്റ്റീൽ ഫോർസ്, കാറ്റ്സ് 11, ടി.എം.സി.സി, ഖോബാർ വാരിയേഴ്സ്, ദമ്മാം ഹിറ്റേഴ്സ്, തമിഴ് സ്റ്റാഴ്സ്, ഇ.സി.സി, സ്‌റ്റേറ്റ്സ് 11, ഈഗിൾ സ്റ്റാഴ്സ് വർക്കല, യൂനിഫൈഡ് ബ്ലൂസ്, കാസ്ക് എന്നിങ്ങനെ 16 ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരച്ചത്. ക്വാർട്ടറിൽ സ്റ്റീൽ ഫോർസിനെയും സെമിയിൽ സഫ അൽഅഹ്സയെയും പരാജയപ്പെടുത്തിയാണ് കാസ്ക് ഫൈനലിൽ എത്തിയത്. ഡി.സി.എ, ഖബ്ബാനി എന്നീ രണ്ട് ഗ്രൗണ്ടുകളിൽ പകലും രാത്രിയുമായാണ് മത്സരങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.