അൽ ഖോബാർ: രണ്ടു വാഹനങ്ങളിലായി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം അധികൃതർ പിടികൂടി. കോടികൾ വിലവരുന്ന 2,93,402 ക്യാപ്റ്റഗൺ ഗുളികകളും 77 കിലോ ഹാഷിഷുമാണ് പിടിച്ചെടുത്തത്. ആദ്യ വാഹനത്തിൽനിന്നും 1,10,200 ക്യാപ്റ്റഗൺ ഗുളികകളും 76.9 കിലോ ഹാഷിഷും പിടികൂടുകയായിരുന്നു.
രണ്ടാമത്തെ ട്രക്കിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്ന 183,202 ക്യാപ്റ്റഗൺ ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് ഏകദേശം 2.9 മില്യൺ ഡോളർ മുതൽ 7.3 മില്യൺ ഡോളർ വരെ വിപണി മൂല്യം ഉണ്ടെന്ന് കണക്കാക്കുന്നു.
മിഡിൽ ഈസ്റ്റിലുടനീളമുള്ള യുവാക്കളെയും കൗമാരക്കാരായ ആൺകുട്ടികളെയുമാണ് മയക്കുമരുന്ന് സംഘം ലക്ഷ്യം വെക്കുന്നത്. ലഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം സാധാരണയായി മയക്കുമരുന്ന് വ്യാപാരത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും ഭീകരതയിലേക്കും എത്തിക്കുന്നതായും അധികൃതർ പറഞ്ഞു.
ഇത്തരത്തിൽ ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1910 എന്ന ഫോൺ നമ്പറിലോ zatca.gov.sa@1910 ഇ-മെയിൽ വിലാസത്തിലോ, +966114208417 ഫോൺ നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ
അഭ്യർഥിച്ചു. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അധികൃതർ രാജ്യത്തെ ഇറക്കുമതിയും കയറ്റുമതിയും നിരീക്ഷിക്കുന്നത് തുടരുമെന്നും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
കള്ളക്കടത്ത് കേസുകളെക്കുറിച്ചോ നിയമലംഘനങ്ങളെക്കുറിച്ചോ ലഹരി കടത്തിനെ സംബന്ധിച്ചോ എന്തെങ്കിലും സൂചനകൾ അതോറിറ്റിക്ക് നൽകിയാൽ അത് പരിശോധിച്ചു യാഥാർഥ്യമാണെന്ന് ബോധ്യപ്പെട്ടാൽ വിവരം കൈമാറിയവർക്ക് സമ്മാനങ്ങൾ നൽകും. അവരുടെ വ്യക്തി, കുടുംബ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.