ജിദ്ദ: 77ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ ഏഴിന് ആക്ടിങ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അബ്ദുൽ ജലീൽ ദേശീയപതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം സദസ്സിന് വായിച്ചു കേള്‍പ്പിച്ചു.
2021 മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്ക് ഈ വർഷത്തോടെ സമാപനം കുറിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ അനുസ്മരിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 75 ആഴ്ചകൾക്കിടയിൽ കോൺസുലേറ്റ് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷം മാതൃരാജ്യത്തിനും രാജ്യത്തിന്റെ സുരക്ഷക്കുംവേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാവരെയും അനുസ്മരിക്കുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി ഇന്ത്യൻ സർക്കാർ ‘മേരി മതി മേരാ ദേശ്’ (എന്റെ മാതൃഭൂമി, എന്റെ രാജ്യം) എന്ന കാമ്പയിൻ പ്രത്യേകം ആചരിക്കുന്നതായും ആക്ടിങ് കോൺസൽ ജനറൽ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കോൺസുലേറ്റിനു കീഴിൽ നടന്ന പ്രധാന സേവന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് അവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് എല്ലാ പിന്തുണയും സഹകരണവും നൽകിയതിന് സൗദി അധികാരികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
1,75,000 ഇന്ത്യൻ ഹാജിമാർക്ക് ഈ വർഷം പ്രയാസരഹിതമായി ഹജ്ജ് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിൽ സഹകരിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും ആക്ടിങ് കോൺസൽ ജനറൽ നന്ദി അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
ത്രിവർണ നിറത്തിൽ തയാറാക്കിയ കേക്ക് മുറിച്ച് സദസ്സില്‍ വിതരണംചെയ്തു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യന്‍ സ്കൂളിലെ വിദ്യാർഥിനികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. ഗാനങ്ങൾ ആലപിച്ച വിദ്യാർഥികൾക്ക് ആക്ടിങ് കോൺസൽ ജനറൽ മുഹമ്മദ് അബ്ദുൽ ജലീൽ പ്രശംസാപത്രങ്ങൾ സമ്മാനിച്ചു. മറ്റു കോൺസൽമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരോടൊപ്പം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇന്ത്യൻ സമൂഹത്തിൽനിന്നുള്ള മുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.