റിയാദ്: ഗാനഗന്ധർവൻ യേശുദാസിന്റെ 82ാം ജന്മദിനത്തോടനുബന്ധിച്ച് റിയാദിലും ആഘോഷം. യേശുദാസ് ആലപിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കി നൈറ സൗണ്ട്സ് ഗോൾഡൻ മെലഡീസ് എന്ന കൂട്ടായ്മയാണ് റിയാദിൽ ആഘോഷം സംഘടിപ്പിച്ചത്. റിയാദ് ന്യൂ മലസ് ഓഡിറ്റോറിയത്തിൽ അണിയിച്ചൊരുക്കിയ 'ഗന്ധർവൻ@82' എന്ന സംഗീതസന്ധ്യ റിയാദിലെ സംഗീത പ്രേമികൾക്ക് വേറിട്ട അനുഭവമായി. യേശുദാസിന്റെ പല ഭാഷകളിലുള്ള തിരഞ്ഞെടുത്ത പ്രശസ്ത ഗാനങ്ങൾ ആയിരുന്നു ഗായകർ ആലപിച്ചത്. തംബുരു നാദത്തിന്റെ അകമ്പടിയോടെ അവതാരകനായ സജിൻ നിഷാൻ യേശുദാസിന്റെ ജീവചരിത്രം വായിച്ചപ്പോൾ പഴയതും പുതയതുമായ ഗാനങ്ങൾ കൂട്ടിച്ചേർത്ത് ഗായകർ ആ ജീവചരിത്രത്തിന് പുതിയൊരു മാനം നൽകി അവതരിപ്പിച്ചു.
മെലഡി, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ഗാനങ്ങൾ ആയിരുന്നു കൂടുതലും. പ്രമദവനം വീണ്ടും എന്ന ഗാനം ആലപിച്ച തങ്കച്ചൻ വർഗീസ്, ഗംഗേ എന്ന ഗാനം ആലപിച്ച ലെന ലോറൻസ്, സംഗീതമേ അമരസല്ലാപമേ എന്ന ഗാനം ആലപിച്ച ഹിബ അബ്ദുസ്സലാം, എത്ര പൂക്കാലം എന്ന ഗാനം ആലപിച്ച ധന്യ ഷൈൻദേവ് എന്നിവർ ശ്രോതാക്കളുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. ജലീൽ കൊച്ചിൻ, ഷാൻ പെരുമ്പാവൂർ, അൽത്താഫ് കാലിക്കറ്റ്, നൗഫൽ വടകര, ഹിലാൽ അബ്ദുസ്സലാം, മുഹമ്മദ് ഹഫീസ്, അലീന ലോറൻസ് എന്നിവരും യേശുദാസിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം ദാസേട്ടന് ജന്മദിന ആഘോഷ കേക്കുമുറിച്ചു. ഡോ. ജയചന്ദ്രന്, ഷംനാദ് കരുനാഗപ്പള്ളി, അയൂബ കരൂപ്പടന്ന, നവാസ് ഒപ്പീസ് എന്നിവര്‍ സംസാരിച്ചു. ജലീല്‍ കൊച്ചിന് സ്വാഗതവും തങ്കച്ചന് വര്‍ഗീസ് നന്ദിയും പറഞ്ഞു. ലോറൻസ് അറയ്ക്കൽ, അബ്ദുസ്സലാം, ഷിനോജ് ബത്തേരി, റോബിൻ മത്തായി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.