റിയാദ്: പ്രഥമ പതാകദിനത്തിൽ അഭിമാനപൂർവം പച്ച പതാക നെഞ്ചേറ്റിയ ഒരു ജനതയുടെ വൈകാരിക പ്രകടനങ്ങൾക്കാണ് നാടും നഗരവും ശനിയാഴ്ച സാക്ഷിയായത്. ‘അല്ലാഹു അക്ബർ’ (ദൈവം വലിയവനാണ്) എന്ന മുദ്രാവാക്യമുയർത്തി കൊടി ഉയർത്തിപിടിച്ച് ആബാലവൃദ്ധം ആഘോഷത്തിൽ പങ്കാളികളായി. ശനിയാഴ്ച സൗദിയിലെ പ്രധാന ഹൈവേയുടെ ഓരത്തെല്ലാം പതാക പറന്നു. കൂറ്റൻ പതാക കുത്തിയ വാഹനങ്ങൾ നിരത്തുകളിലൂടെ അരിച്ചുനീങ്ങിയത് കൗതുകവും അഭിമാനവും നിറഞ്ഞ കാഴ്ചയൊരുക്കി.
തലസ്ഥാന നഗരത്തിലെ വിനോദ കേന്ദ്രമായ ബോളീവാർഡ് സിറ്റിയിൽ ശനിയാഴ്ച രാത്രിയിലെ പ്രധാന ആകർഷണം പതാക ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു. പതാക പുതച്ചും തോളിലേറ്റിയുമാണ് സന്ദർശകർ ബൊളീവർഡിലെത്തിയത്. പച്ച എൽ.ഇ.ഡി രശ്മികളുമായി മൂളിയെത്തിയ ഡ്രോണുകൾ ആകാശത്ത് ഹരിത പതാക വരച്ചപ്പോൾ കാഴ്ചക്കാർ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന വിശ്വാസ വാക്യം മന്ത്രിച്ച് അഭിവാദ്യം ചെയ്തു.
ചരിത്രകേന്ദ്രമായ മസ്മക് കൊട്ടാരത്തിെൻറ ചുമരുകളിലും എൽ.ഇ.ഡി രശ്മികൾ പതാക തെളിയിച്ചു. കോട്ടയുടെ പരിസരത്തും അങ്കണത്തിലും വിദേശ സഞ്ചാരികൾ ഉൾെപ്പടെ പതാകദിനാഘോഷത്തിൽ പങ്കാളികളായി. റിയാദിലെ കിങ്ഡം ടവർ ഉൾപ്പടെയുള്ള അംബര ചുംബികളിലെല്ലാം പതാക ഉയർന്നു. പലയിടത്തും പതാകദിനത്തിെൻറ ഭാഗമായി അർധ നൃത്തവും സാംസ്കാരിക പരിപാടികളും അരങ്ങേറി. റിയാദിലെ ദറഇയയിലും ജിദ്ദയിലെ രാജ്യത്തെ ഏറ്റവും വലിയ കൊടിമരത്തിലും ഉയർന്ന പാറുന്ന പതാക പ്രതലമാക്കി ഫോട്ടോകളും വിഡിയോകളും ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചും ആഘോഷത്തിൽ പങ്കുചേർന്നു.
ബിസിനസ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്ത് താമസിക്കുന്ന സൗദി പൗരന്മാരുള്ള ഇടങ്ങളിലെല്ലാം അവരുടെ കേന്ദ്രങ്ങളിൽനിന്ന് ആഘോഷങ്ങളുടെ ചിത്രങ്ങൾ സ്നാപ്പ് ചാറ്റ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ആയിരക്കണിക്കിന് വിദേശ സഞ്ചാരികളാണ് സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാൻ സൗദിയിലെത്തിയിട്ടുള്ളത്. ഇവർക്കെല്ലാം പതാക ദിനത്തിലെ ആഘോഷപരിപാടികൾ കുതൂഹുലമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.