പ്രവാസി ദ്രോഹകാര്യത്തിൽ കേന്ദ്രവും കേരളവും ഒരുമിച്ച് പ്രവർത്തിക്കുന്നു -ഒ.ഐ.സി.സി ജിദ്ദ

ജിദ്ദ: ഗൾഫ് പ്രവാസികൾക്ക് ഇരട്ട കോവിഡ് പരിശോധന നിർബന്ധമാക്കി കൊണ്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജിയനൽ കമ്മിറ്റി ആവശ്യപെട്ടു.

ഇതിനു ശേഷവും കേന്ദ്ര മാനദണ്ഡത്തിനു വിരുദ്ധമായി കേരളത്തിൽ മാത്രം 14 ദിവസത്തെ ക്വാറന്‍റീൻ ഗൾഫ് പ്രവാസികൾക്ക് നിർബന്ധിക്കുന്ന പിണറായി സർക്കാറിന്‍റെ  സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രവാസികളോട് അൽപ്പമെങ്കിലും കരുണയുണ്ടെങ്കിൽ തമിഴ്നാട് സർക്കാർ സ്വികരിച്ചതു പോലെ ഒരു പരിശോധന മാത്രം നടത്തിയാൽ മതിയെന്ന രീതിയെങ്കിലും കേരളം നടപ്പിലാക്കണം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി അമിതമായ രീതിയിൽ ഇരട്ടിയിലധികം രൂപ പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത് തടയാനും, അതോടൊപ്പം ഗൾഫ് പ്രവാസികൾക്കെങ്കിലും പരിശോധന സൗജന്യമാക്കുവാനും കേരളത്തിൽ നടപടി സ്വികരിക്കണം. കേന്ദ്രത്തെ കുറ്റം പറഞ്ഞു ഉത്തരവാദിത്വത്തിൽ നിന്നും കേരള സർക്കാർ ഒളിച്ചോടരുതെന്നും പ്രവാസികൾക്കായി പിണറായി സർക്കാരിനോട് ആവിശ്യമായ നടപടികൾ സ്വികരിക്കാൻ ഇടതു അനുഭാവ പ്രവാസി സംഘടനകൾ തയ്യാറാകണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച കേരളത്തിൽ എത്തിയ പ്രധാനമന്ത്രി പ്രവാസികൾക്കായി നിരവധി കാര്യങ്ങൾ നടപ്പിലാക്കിയെന്നു മുഖ്യമന്ത്രിയെ സാക്ഷി നിർത്തി കളവു പറഞ്ഞപ്പോൾ മറിച്ചൊരു വാക്ക് പോലും പറയുകയോ പ്രവാസികൾക്കായി എന്തെങ്കിലും ആവിശ്യപ്പെടുകയോ ചെയ്തില്ല. കേന്ദ്രവും കേരളവും ഒരുമിച്ച് നിന്നു പ്രവാസികളെ ദ്രോഹിക്കുകയും പറ്റിക്കുകയുമാണെന്നും റീജിയനൽ കമ്മിറ്റി പ്രസിഡന്‍റ്​ കെ.ടി.എ. മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു.

ലോകത്ത് മറ്റെവിടെയും ഇല്ലാത്ത വിധത്തിൽ കുട്ടികൾക്കും നവജാത ശിശുക്കൾക്കു പോലും പരിശോധന നടപ്പിലാക്കുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കണം. ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ച് യാതൊരു ലക്ഷണവും ഇല്ലാത്ത കുട്ടികൾക്ക് യാത്രക്ക് മാത്രമായി ടെസ്റ്റ് നടത്തുന്നത് പ്രായോഗികം പോലും അല്ല. ഈ കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വികരിക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശ കാര്യമന്ത്രിക്കു നിവേദനം അയച്ചതായും മുനീർ അറിയിച്ചു.

Tags:    
News Summary - Center and Kerala govts work together on expat harassment - OICC Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.