അൽഖോബാർ: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഈ വെള്ളിയാഴ്ച വരെ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും മാർഗ നിർദേശങ്ങളും മുന്നറിയിപ്പുകളും കർശനമായി പാലിക്കാനും ആഹ്വാനം ചെയ്തു.
മിന്നലുള്ള സമയത്ത് എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണം. തോടുകൾ, ചതുപ്പുകൾ, താഴ്വരകൾ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി. മക്ക, അസീർ, ജിസാൻ, അൽ ബഹ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കനത്ത മഴക്ക് സാധ്യതയുണ്ട്. പൊടിപടലങ്ങൾ ഇളക്കിവിടുന്ന വേഗതയേറിയ കാറ്റ്, ആലിപ്പഴ വർഷം എന്നിവയുമുണ്ടാകും.
മക്ക മേഖലയിൽ ത്വാഇഫ്, അൽ ജുമും, ബഹ്റ, അൽ ഖുൻഫുദ, അൽലൈത്, അൽ കാമിൽ, ഖുലൈസ്, മെയ്സാൻ, അദം, തുർബ, മദീന, നജ്റാൻ, അൽ അർദിയാത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പ്രതീക്ഷിക്കുന്നത്. വാദി ദവാസിർ, സുലൈയിൽ, അൽ ഖുവൈയ്യ, അഫീഫ്, അൽ അഫ്ലാജ്, അൽ മുവായ്, അൽ ഖുർമ, റന്യാഹ് എന്നിവയുൾപ്പെടെ റിയാദ് മേഖലയിൽ പൊടിക്കാറ്റിനൊപ്പം നേരിയതോതിൽ മഴയും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.