മക്ക: റമദാനിലെ 27-ാം രാവിൽ മനുഷ്യ മഹാസമുദ്രങ്ങളായി മാറി ഇരുഹറമുകൾ. മക്ക മസ്ജിദുൽ ഹറാമിൽ മാത്രം പ്രാർഥനക്കെത്തിയത് 40 ലക്ഷത്തിലധികം വിശ്വാസികളാണ്. സൗദി ടി.വി ചാനലായ ‘അൽ ഇഖ്ബാരിയ്യ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 42 ലക്ഷത്തിലേറെ ആളുകൾ ബുധനാഴ്ച രാത്രി മസ്ജിദുൽ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുത്തു.
ഇത് റെക്കോർഡ് എണ്ണമാണ്. മദീനയിലെ മസ്ജിദുന്നബവിയിലും 20 ലക്ഷത്തിലധികം വിശ്വാസികളാണ് തറാവീഹ് നമസ്കാരത്തിനും ഖിയാമുല്ലൈൽ നമസ്കാരത്തിനും എത്തിയത്. ഉംറ തീർഥാടകരെയും അതല്ലാതെ നമസ്കാരങ്ങൾക്ക് എത്തിയവരെയും കൊണ്ട് ഹറമും പരിസരവും ജനസാഗരമായി.
27-ാം രാവിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ ഇരുഹറമുകളിലും പ്രാർഥനക്കെത്തുന്നത്. ചൊവ്വാഴ്ച രാത്രി മുതൽ തന്നെ ആരംഭിച്ചിരുന്നു മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടക പ്രവാഹം. കഅബയുടെ അങ്കണം നിറഞ്ഞുകവിഞ്ഞതിനാൽ ഉംറ തീർഥാടകർ ഹറം മസ്ജിദിന്റെ മുഴുവൻ നിലകളിലും മേൽക്കൂരയിലുമായാണ് ത്വവാഫ് (കഅബ പ്രദക്ഷിണം) പൂർത്തിയാക്കിയത്. ഹറമിലേക്കുള്ള റോഡുകൾ പോലും കിലോമീറ്ററുകളോളം വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.
ഖുർആൻ ഇറങ്ങിയതായി വിശ്വസിക്കുന്ന രാവുകളിൽ ഒന്നായിരുന്നു ഇന്നലത്തേത്. പുലർകാലം വരെ പ്രാർഥനകളിലും ഖുർആൻ പാരായണത്തിലുമായി വിശ്വാസികൾ മുഴുകി. ഖുർആൻ ഇറങ്ങിയ രാവ് ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാവായാണ് ഇസ്ലാം വിശേഷിപ്പിക്കുന്നത്. ലൈലത്തുൽ ഖദ്ർ (വിധി നിർണായക രാവ്) എന്ന് വിളിക്കപ്പെടുന്ന അനുഗ്രഹ രാവ് പ്രതീക്ഷിച്ചാണ് വിശ്വാസികൾ ഹറമിലേക്കൊഴുകിയെത്തിയത്. ലോകത്ത് വിശ്വാസി സമൂഹം നേരിടുന്ന പ്രതിസന്ധികളിൽനിന്ന് വിടുതലിനായുള്ള പ്രാർഥനയും മസ്ജിദുൽ അഖ്സയുടെ വിമോചനത്തിനും ഫലസ്തീൻ ജനതക്കുവേണ്ടിയും ഇരു ഹറമുകളിലെ ഇമാമുമാർ പ്രാർഥിച്ചു. പ്രാർഥനക്കിടെ ഇമാമുമാരും വിശ്വാസികളും വിങ്ങിപ്പൊട്ടി. ദേശ, ഭാഷ, വർണ, വർഗ വിവേചനമൊന്നുമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾ പ്രപഞ്ചനാഥന് മുന്നിൽ അണിനിരന്ന സമത്വ സുന്ദര രാവിന്റെ ആത്മീയ നിർവൃതി അനുഭവിച്ചാണ് ഓരോ വിശ്വാസിയും മടങ്ങിയത്.
27-ാം രാവിൽ സാധാരണ ഉണ്ടാകാറുള്ള തിരക്ക് മുൻകൂട്ടി കണ്ട് വിവിധ സുരക്ഷാവകുപ്പുകൾ പ്രത്യേക പദ്ധതികൾ നടപ്പാക്കിയിരുന്നു. ഇരുഹറം കാര്യാലയം, സിവിൽ ഡിഫൻസ്, ട്രാഫിക് വകുപ്പ്, പൊലീസ് വിഭാഗങ്ങൾ, റെഡ് ക്രസന്റ് വിഭാഗം, സ്കൗട്ടുകൾ, ആരോഗ്യ വകുപ്പ്, മുനിസിപ്പാലിറ്റി എന്നിവക്ക് കീഴിൽ കൂടുതൽ ആളുകളെ സേവനത്തിന് വിന്യസിച്ചിരുന്നു.
അനുഗ്രഹീത രാത്രിയിൽ വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു. മണിക്കൂറിൽ 1,07,000 തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ മതാഫ് (പ്രദക്ഷിണ മേഖല) ഒരുക്കിയാണ് തിരക്ക് നിയന്ത്രിച്ചിരുന്നത്. തീർഥാടകർക്ക് മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി മക്ക മേഖല ആരോഗ്യ വകുപ്പ് ഹറമിലും പരിസര പ്രദേശങ്ങളിലും സേവനം ചെയ്യാൻ പ്രത്യേക സെന്ററുകൾ ഒരുക്കിയിരുന്നു.
മസ്ജിദുന്നബവിയിലും ബുധനാഴ്ച രാവിലെ മുതൽ തന്നെ പ്രാർഥനാ ഹാളുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. ഇരു ഹറം കാര്യാലയം പ്രാർഥനക്കെത്തുന്ന വിശ്വാസികളുടെ സുരക്ഷയും സൗകര്യങ്ങഉം ഒരുക്കുന്നതിനാവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
മക്ക: റമദാൻ 27ാം രാവിലെ ഇരുഹറമുകളിലെ പ്രവർത്തന പദ്ധതി വിജയകരമെന്ന് ഇരുഹറം മതകാര്യ പ്രസിഡൻസി അറിയിച്ചു. ഈ അനുഗ്രഹീത രാത്രിയിൽ കൈവരിച്ച മഹത്തായ വിജയം ഭരണകൂട നേതൃത്വത്തിന്റെ നിർദേശങ്ങളുടെയും തുടർനടപടികളുടെയും ഫലമാണെന്ന് മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു.
ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും തറാവീഹ്, തഹജ്ജുദ് പ്രാർഥനകൾക്ക് സാക്ഷ്യം വഹിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സാധിച്ചു. സുരക്ഷ അധികാരികൾ, ബന്ധപ്പെട്ട വിവിധ വകുപ്പുകൾ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒപ്പം സഞ്ചരിക്കുന്നതാണ് റമദാൻ പ്രവർത്തന പദ്ധതി. മതപരമായ മാർഗനിർദേശവും പഠന ക്ലാസ്സുകളും ഫീൽഡ് അവബോധം, ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുള്ള വെബ്സൈറ്റുകൾ, ഭാഷകൾ, വിവർത്തനം, ഡിജിറ്റൈസേഷൻ, ടെക്നോളജി, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ, യോഗ്യരായ പുരുഷ-സ്ത്രീ കേഡർമാരെ ഉൾപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള ഒരു സംയോജിത സേവന സംവിധാനം അതിലുൾപ്പെടുന്നുവെന്നും അൽസുദൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.