റിയാദ്: പ്രവാസി മലയാളികൾക്കായി പവർ അപ് വേൾഡ് കമ്യൂണിറ്റി (പി.ഡബ്ല്യു.സി)യും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് വ്യാഴാഴ്ച ബത്ഹയിലെ അപ്പോളോ ഡിമോറ ഹാളിൽ നടക്കും.
'മാറുന്ന കാലവും പുതിയ അവസരങ്ങളും' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും ബിസിനസ് രംഗത്തുമുള്ള പ്രതിസന്ധികൾ തരണംചെയ്യാൻ പ്രാപ്തരാകുന്നതിനും മാറുന്ന കാലത്തിനനുസരിച്ച് എങ്ങനെ ബിസിനസ് ചെയ്യണമെന്നത് പഠിപ്പിക്കുന്നതുമായിരിക്കും പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാത്രി എട്ടിനാണ് പരിപാടി. സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി സൗജന്യമാണ്.
പ്രമുഖ ബിസിനസ് പരിശീലകനും പവർ അപ്പ് വേൾഡ് കമ്യൂണിറ്റി സി.എം.ഡിയും ഗിന്നസ് ജേതാവുമായ എം.എ. റഷീദ് പരിശീലനത്തിന് നേതൃത്വം നൽകും. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബിസിനസ് ട്രെയിനിങ് (73 മണിക്കൂറും 15 മിനിറ്റും) നടത്തി ഗിന്നസ് റെക്കോഡിട്ടയാളാണ് മലപ്പുറം സ്വദേശിയായ എം.എ. റഷീദ്. വാർത്തസമ്മേളനത്തിൽ എം.എ. റഷീദ്, പി.ഡബ്ല്യു.സി ഭാരവാഹികളായ അഷ്റഫ് എറമ്പത്ത്, നാസർകാര, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് അമീർ പട്ടണത്ത്, വഹീദ് വാഴക്കാട്, ഷാജി നിലമ്പൂർ, സമീർ മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.