റിയാദ്: ലോകത്താദ്യമായി റോബോട്ടിനെ ഉപയോഗിച്ച് സമ്പൂർണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ സൗദി മെഡിക്കൽ സംഘത്തെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു.
കിരീടാവകാശിയുടെ ഓഫിസിൽ സംഘത്തിന് സ്വീകരണവും നൽകി. കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി ആൻഡ് റിസർച് സെന്റർ ഡയറക്ടർ ബോർഡ് ചെയർമാൻ മാസിൻ അൽ റുമൈഹ്, സി.ഇ.ഒ ഡോ. മജീദ് അൽഫയാദ്, എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. ബ്യോൺ സോഗ എന്നിവരുടെ നേതൃത്വത്തിൽ റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി ആൻഡ് റിസർച് സെന്ററിലാണ് റോബോട്ട് ഉപയോഗിച്ച് ആദ്യത്തെ സമ്പൂർണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.
ഈ ചരിത്രനേട്ടത്തിൽ മെഡിക്കൽ ടീമിനെയും സ്പെഷലിസ്റ്റുകളെയും കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തും ലോകത്തും മനുഷ്യന്റെ ആരോഗ്യം വർധിപ്പിക്കുന്നതിനും വൈദ്യശാസ്ത്രരംഗത്ത് ആഗോളതലത്തിൽ മുൻതൂക്കം നേടുന്നതിനും നവീകരിക്കുന്നതിനുമുള്ള സൗദിയിലെ പ്രതിഭകളുടെ പ്രയത്നങ്ങളെയും പ്രശംസിച്ചു.
മെഡിക്കൽ ടീം അംഗങ്ങൾ കിരീടാവകാശിയെ കണ്ടതിലുള്ള അഭിമാനവും സന്തോഷവും തുടർച്ചയായ പിന്തുണക്കും നന്ദി പ്രകടിപ്പിച്ചു. കിരീടാവകാശിയുടെ സ്വീകരണം മാനവികതക്കും രാജ്യത്തിനും വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.