റിയാദ്: വ്യത്യസ്തമായ അഞ്ചു കൃതികളുടെ വായന പങ്കുവെച്ച് റിയാദിലെ ചില്ല സർഗവേദിയുടെ ഒക്ടോബർ മാസത്തെ വായന ബത്ഹ ലുഹ ഹാളിൽ നടന്നു. പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ നോവലിെൻറ വായനാനുഭവം ജോമോൻ സ്റ്റീഫൻ സദസ്സുമായി പങ്കുവെച്ചു. 82 വർഷം മുമ്പ് എഴുതപ്പെട്ട നോവൽ ഇന്നും കാലിക പ്രസക്തമാണെന്നും ഒരു കൃതിയെ വിലയിരുത്തേണ്ടത് അത് എഴുതപ്പെട്ട കാലത്തെക്കൂടി മനസ്സിലാക്കി വേണമെന്നും ജോമോൻ അഭിപ്രായപ്പെട്ടു.
വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ എഴുതിയ ‘ഔർ ഹിസ്റ്ററി, ദേർ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി’ എന്ന കൃതിയുടെ വായന ജോണി പനംകുളം പങ്കുവെച്ചു.
ഇന്ത്യയിൽ, ദേശീയതയുടെ രണ്ട് വിരുദ്ധ സങ്കൽപങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും രാഷ്ട്രത്തിെൻറ ആശയം രൂപപ്പെടുത്തിയെന്നും ഈ കൃതി അന്വേഷിക്കുന്നു. എൻ.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച ഇന്ത്യൻ ചരിത്ര പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളെയും പുസ്തകം അഭിസംബോധന ചെയ്യുന്നതായി ജോണി പറഞ്ഞു.
ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എഴുതിയ ‘അത്തിക്കയുടെ പ്രവാസം’ എന്ന ചെറുകഥാസമാഹാരത്തിെൻറ വായന പ്രദീപ് ആറ്റിങ്ങൽ പങ്കുവെച്ചു.
തെൻറ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടേണ്ടിവന്ന മനുഷ്യരുടെ കഥകളിലൂടെ മുംബൈയിലെ കാമാത്തിപ്പുര മുതല്‍ സൗദിയിലെ മണലാരണ്യം വരെയുള്ള അനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകം നേപ്പാളിലെയും ആഫ്രിക്കയിലെയും വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ കൂടി അഭിസംബോധന ചെയ്യുന്നതാണെന്ന് പ്രദീപ് വിശദീകരിച്ചു.
എൻ. മോഹനൻ എഴുതിയ ‘ഒരിക്കൽ’ എന്ന ചെറുനോവലിലെ പ്രണയാതുരമായ നിമിഷങ്ങൾ സബീന എം. സാലി സദസ്സുമായി പങ്കുവെച്ചു. ‘നഷ്ടപ്പെടാം, പക്ഷേ പ്രണയിക്കാതിരിക്കരുത്’ തുടങ്ങിയ മാധവിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ വരികളും സബീന സദസിന് മുന്നിൽ വായിച്ചു.
റാം കെയറോഫ് ആനന്ദി എന്ന കൃതിയുടെ വായന മൂസ കൊമ്പൻ പങ്കുവെച്ചു. ഏറ്റവും കൂടുതൽ വായനക്കാരെ ആകർഷിക്കാൻ അഖിൽ പി. ധർമജെൻറ ഈ കൃതിക്ക് കഴിഞ്ഞെന്ന് മൂസ അഭിപ്രായപ്പെട്ടു. ചർച്ചകൾക്ക് എം. ഫൈസൽ തുടക്കം കുറിച്ചു. ബീന, ജോണി പനംകുളം, മൂസ കൊമ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ്ലാൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.