ജിദ്ദ: ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സൗദിയിലെത്തി. ബുധനാഴ്ച വൈകീട്ടാണ് ചൈനീസ് പ്രസിഡൻറ് റിയാദിലെത്തിയത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡൻറിനെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയാൻ, ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽഹർബി, സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വീക്കിങ് എന്നിവർ ചേർന്നു സ്വീകരിച്ചു.
സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിശിഷ്ടമായ പങ്കാളിത്തവും വർധിപ്പിക്കുന്നതിന് സൽമാൻ രാജാവിെൻറ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡൻറ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി സൗദിയിലെത്തിയത്. സന്ദർശനത്തിനിടയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിൽ ഇരു രാഷ്ട്രതലവന്മാർ ചേർന്ന സൗദി-ചൈനീസ് ഉച്ചകോടി നടക്കും. ഉച്ചകോടിക്കിടെ 11,000 കോടി റിയാലിന്റെ വിവിധ കരാറുകളിൽ ഒപ്പുവെക്കും. കൂടാതെ വിവിധ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെക്കും.
സൗദിയും ചൈനയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിനുള്ള 'അമീർ മുഹമ്മദ് ബിൻ സൽമാൻ അവാർഡ്' െൻറ പ്രഖ്യാപനം നടത്തും. ഗൾഫ് അറബ് സഹകരണ കൗൺസിൽ രാജ്യങ്ങളും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഒരുക്കുന്ന ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ് എന്നീ രണ്ട് ഉച്ചകോടിയിലും ചൈനീസ് പ്രസിഡൻറ് പങ്കെടുക്കും. 30-ലധികം രാജ്യങ്ങളുടെ നേതാക്കളും അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയിലുണ്ടാകും. എല്ലാ മേഖലകളിലെയും സംയുക്ത ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും സാമ്പത്തിക, വികസന സഹകരണത്തിനുള്ള സാധ്യതകളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.