ജിദ്ദ: ജിദ്ദയിൽ നടക്കുന്ന 20ാമത് സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്‍റിൽ എ ഡിവിഷൻ അവസാന ലീഗ് മത്സരത്തിൽ ശക്തരായ റീം അൽ ഉല ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ ഓരോ ഗോൾ പങ്കിട്ട് സമനിലയിൽ കുരുക്കിയ പവർ ഹൗസ് മഹ്ജർ എഫ്.സി സെമി ഫൈനലിൽ പ്രവേശിച്ചു.
ജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സ് എഫ്.സിയും അവസാന കളിയിൽ സമനില മാത്രം മതിയായിരുന്ന മഹ്ജർ എഫ്.സിയും തമ്മിൽ നടന്ന എ ഡിവിഷനിലെ ആവേശകരമായ മത്സരത്തിൽ മഹ്ജർ എഫ്.സിയാണ് ആദ്യം വല കുലുക്കിയത്. രണ്ടാം പകുതിയുടെ പതിനെട്ടാം മിനുട്ടിൽ സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിജയ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും മത്സരം സമനിലയിൽ
അവസാനിക്കുകയായിരുന്നു. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത മഹ്ജർ എഫ്.സി താരം മുഹമ്മദ് ഫഹൂദിന് റീഗൽ മുജീബ് ട്രോഫി സമ്മാനിച്ചു.
ബി ഡിവിഷൻ മത്സരത്തിലെ ആദ്യസെമി ഫൈനലിൽ അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജിദ്ദ എഫ്.സിയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റെഡ് സീ ബ്ലാസ്റ്റേഴ്‌സിന്‍റെ അബ്ദുൽ നാഫിഹിന് സി.എം അഹമ്മദ് ട്രോഫി നൽകി. ഡി ഡിവിഷൻ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ സ്പോർട്ടിങ് യുനൈറ്റഡ്, സോക്കർ ഫ്രീക്സുമായി
സമനിലയിൽ പിരിഞ്ഞെങ്കിലും നാല് പോയിന്റോടെ ഫൈനലിൽ കടന്നു. കളിയിലെ കേമനായി തിരഞ്ഞെടുത്ത സ്പോർട്ടിങ് യുനൈറ്റഡ് കളിക്കാരൻ മിഷാൽ മുജീബിന് ഡോ. അഹമ്മദ് ആലുങ്ങൽ ട്രോഫി സമ്മാനിച്ചു. ഡി ഡിവിഷൻ ഫൈനലിൽ സ്പോർട്ടിങ് യുനൈറ്റഡ്, ടാലന്‍റ് ടീൻസ് അക്കാദമിയെ നേരിടും.
അടുത്ത ആഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ എ ഡിവിഷൻ പ്രിന്‍റക്സ് റിയൽ കേരള എഫ്.സി, എഫ്.സി യാംബുവിനെയും, മഹ്ജർ എഫ്.സി, എ.സി.സി എ ടീമിനെയും നേരിടും. ബി ഡിവിഷൻ സെമിയിൽ സൈലോ ഐ.ടി സോക്കർ, അൽ ഹാസ്‌മി ന്യൂ കാസിൽ എഫ്.സി ടീമുകളും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.