ജിദ്ദ: സിജി ഇന്റർനാഷനൽ ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം വിപുലമായി സംഘടിപ്പിച്ചു. സിജിക്കു കീഴിലെ വിവിധ വകുപ്പുകളുടെ കഴിഞ്ഞ ടേമിലെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
എച്ച്.ആർ ടീം റിപ്പോർട്ട് എം.എം. ഇർഷാദ്, ക്രിയേറ്റിവിറ്റി ലീഡർഷിപ് പ്രോഗ്രാം റിപ്പോർട്ട് മുഹമ്മദ് കുഞ്ഞി എന്നിവർ അവതരിപ്പിച്ചു. കൂടാതെ മഹല്ല് ശാക്തീകരണം - സേജ്, കരിയർ ഗൈഡൻസ് - സി-സർക്കിൾ, ബിസിനസ് ഇനിഷ്യേറ്റിവ് - ബിഗ് എന്നിവയുടെ പ്രവർത്തനങ്ങളും വിലയിരുത്തി. കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ വിവിധ വകുപ്പുകൾക്കു കീഴിൽ അമ്പതിലധികം സെഷനുകൾ നടത്തിയത് ശ്ലാഘനീയമാണെന്ന് യോഗം വിലയിരുത്തി. വനിത വിഭാഗമായ സിജി വിമൻസ് കലക്ടിവ് സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ നടത്തിയ വിവിധ പരിപാടികളുടെ വിഡിയോ പ്രദർശനം നടന്നു.
കഴിഞ്ഞ ടേമിലെ പ്രവർത്തനങ്ങൾക്ക് റഷീദ് അമീർ, സലാം കാളികാവ്, സമീർ കുന്നൻ, മുഹമ്മദ് കുഞ്ഞി, എം. ഇർഷാദ് എന്നിവർക്ക് ഉപഹാരങ്ങൾ കൈമാറി. ജൂലൈയിൽ നടക്കുന്ന എക്സ്പാ-സ്കാൻ കരിയർ ഗൈഡൻസ് പരിപാടികൾ സിജി ഇന്റർനാഷനൽ ചെയർമാൻ കെ.എം. മുസ്തഫ വിശദീകരിച്ചു. റിയാദിലേക്ക് സ്ഥലംമാറി പോകുന്ന നിലവിലെ ചാപ്റ്റർ ചെയർമാൻ അബ്ദുൽ അസീസ് തങ്കയത്തിലിന് യാത്രയയപ്പ് നൽകി. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻ ചെയർമാൻ അമീർ അലി നേതൃത്വം നൽകി.
പരിശീലന പരിപാടിയിൽ ആറ്റമിക് ഹാബിറ്റ് എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടന്ന സെഷന് എം.എം. ഇർഷാദ് നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി, താഹിർ ജാവേദ്, ഹനീഫ് പാറക്കല്ലിൽ, താലിഷ് മുഹമ്മദ്, മുഹമ്മദ് ബൈജു, വേങ്ങര നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.