റിയാദ്: പബ്ലിക് ഇൻവെസ്റ്റ് ഫണ്ടിന്റെ ഉടമസ്ഥതയിൽ സ്ഥാപിതമാകുന്ന രണ്ടാമത് ദേശീയ വിമാനക്കമ്പനി റിയാദ് എയറിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ (ഗാക) ഷെഡ്യൂൾഡ് പാസഞ്ചർ എയർ ട്രാൻസ്പോർട്ട് ഇക്കണോമിക് ലൈസൻസ് അനുവദിച്ചു. വ്യോമയാന സുരക്ഷയും പരിസ്ഥിതി സുസ്ഥിരതയും സംബന്ധിച്ച സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി എയർ ഓപറേഷൻ സർട്ടിഫിക്കറ്റ് (എ.ഒ.സി) നൽകുന്ന അധികാര സ്ഥാപനമാണ് ‘ഗാക’. തിങ്കളാഴ്ച റിയാദ് നഗരത്തിന് മേലുള്ള ഒദ്യോഗിക പറക്കൽ പൂർത്തിയായതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചത്.
ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി എൻജി. സാലിഹ് അൽ-ജാസർ, ഉപമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് അസ്സഊദ്, സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ അസീസ് അൽ-ദുവൈലജ്, റിയാദ് എയർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടോണി ഡഗ്ലസ് എന്നിവരെക്കൂടാതെ വ്യോമയാന രംഗത്തെ കമ്പനികളുടെ മേധാവികളും നിരവധി പ്രമുഖരും ലൈസൻസ് കൈമാറ്റച്ചടങ്ങിൽ സംബന്ധിച്ചു.
റിയാദ് എയറിന്റെ വരവ് വ്യോമയാന മേഖലയിൽ പുതിയ പ്രഭാതത്തിന്റെ തുടക്കമാണെന്നും ഇനിയും വരാനിരിക്കുന്ന പല വികസനങ്ങളുടെയും ആദ്യപടിയാണിതെന്നും ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു. രാജ്യത്തിന്റെ വ്യോമയാന മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച ടൂറിസം സഹമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് അസ്സഊദ് പുതിയ എയർലൈനുമായി ബന്ധപ്പെട്ട നടപടികളിലെ വേഗതയെ പ്രശംസിക്കുകയും ഇത് രാജ്യത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങൾക്കിടയിൽ സൗദിയുടെ തന്ത്രപ്രധാന സ്ഥാനം അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ‘റിയാദ് എയർ’ ദേശീയ ഗതാഗത, ലോജിസ്റ്റിക് മേഖലക്കും വിനോദ സഞ്ചാര മേഖലക്കും മികച്ച സംഭാവന നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
രണ്ടുവർഷത്തിനകം സർവിസ് ആരംഭിക്കുന്ന ‘റിയാദ് എയർ 2030’ ഓടെ സൗദി തലസ്ഥാനത്തുനിന്ന് ലോകമെമ്പാടുമുള്ള 100ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കും. ഇതോടെ സൗദിയിലെത്തുന്ന യാത്രക്കാരുടെ എണ്ണം 3.3 കോടിയായി ഉയരുമെന്നും വ്യോമമേഖലയിലെ ചരക്ക് നീക്കശേഷി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിച്ച് 45 ലക്ഷം ടണ്ണാകുമെന്നുമാണ് കണക്കാക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസുകളും ചാറ്റ്ബോട്ടുകളും ഉപയോഗിക്കും
ജിദ്ദ: ഏവിയേഷൻ സുസ്ഥിരതയുടെ കാര്യത്തിൽ റിയാദ് എയറിനെ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും വിമാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസുകളും ചാറ്റ്ബോട്ടുകളും ഉപയോഗിക്കുമെന്നും സി.ഇ.ഒ ടോണി ഡഗ്ലസ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാദ് എയർ സി.ഇ.ഒ ഇക്കാര്യം സൂചിപ്പിച്ചത്. 2025ന്റെ തുടക്കത്തിൽ ആദ്യം ഓർഡർ ചെയ്ത ‘ബോയിങ് ഡ്രീംലൈനർ’ വിമാനങ്ങൾ ഏറ്റുവാങ്ങും. വിമാനങ്ങൾ ആധുനിക എൻജിനുകളോടുകൂടിയതും 25 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതും കൂടുതൽ ദൂരം പറക്കാൻ കഴിയുന്നതുമാണ്. ഭാരം കുറഞ്ഞതായിരിക്കും. കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാൻ പല സാങ്കേതിക വിദ്യകളും ഉപയോഗിക്കും. ഭാവിയിൽ, വ്യോമയാന സുസ്ഥിരതയുടെ നേതാവായി ലോകം റിയാദ് എയറിനെ നോക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
റിയാദ് എയർ രാജ്യത്തിന്റെ വിഷൻ 2030ന്റെ ഭാഗമാണ്. 100 ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇനിയും രണ്ടു വർഷമുണ്ട്. ഞങ്ങളുടെ നെറ്റ്വർക്കിൽ രാജ്യത്തിലെ പ്രധാന നഗരങ്ങളും ആഗോളതലത്തിലുള്ള പ്രധാന നഗരങ്ങളും ഉൾപ്പെടും. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സൗദിയെ ലോകവുമായി ബന്ധിപ്പിക്കുകയും ലോകത്തെ സൗദിയുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത് -സി.ഇ.ഒ പറഞ്ഞു.
ഓരോ രണ്ടു മാസത്തിലും പുതിയ കാര്യങ്ങൾ വെളിപ്പെടുത്താനാണ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അടുത്ത വർഷം ബുക്കിങ്ങുകളുടെ പ്രവർത്തനത്തിലേക്ക് അടുക്കും. ഇതും പ്രതീക്ഷിക്കുന്ന വലിയ പ്രഖ്യാപനത്തിന്റെ ഭാഗമാകും.
റിയാദിലാണ് പ്രവർത്തന ആസ്ഥാനം. നിലവിലുള്ള ഇൻഫ്രാസ്ട്രക്ചർ ഞങ്ങൾ ഉപയോഗിക്കും. റിയാദിലെ പുതിയ വിമാനത്താവളം എല്ലാവർക്കും ലഭ്യമാകുമ്പോൾ അതു ഉപയോഗിക്കും. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ലോകോത്തര വിമാന സർവിസും നൽകാനാണ് റിയാദ് എയർ ഉദ്ദേശിക്കുന്നത്. റിയാദ് എയറിനെ ഒരു യഥാർഥ ഡിജിറ്റൽ എയർലൈനായി അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് മികച്ച അനുഭവങ്ങളുണ്ടാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.