കാലാവസ്ഥ വ്യതിയാനം: വടക്കൻ സൗദിയിൽ പൊടിക്കാറ്റ് ശക്തമാകുമെന്ന് സൂചന

യാംബു: കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ച് വടക്കൻ സൗദി അറേബ്യയിലെ ചില മേഖലകളിൽ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. വ്യാഴം മുതൽ ശനി വരെ പൊടിക്കാറ്റിനും തണുപ്പ് കൂടാനുമുള്ള സൂചനയുള്ളതായി രാജ്യത്തെ കാലാവസ്ഥ നിർണയ കേന്ദ്രം പ്രവചിച്ചു. രാജ്യത്തിന്‍റെ വടക്ക്, മധ്യ, കിഴക്കൻ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടും. വടക്കൻ സൗദിയിലെ അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, റിയാദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

കാറ്റിന്‍റെ വേഗം മണിക്കൂറിൽ 15 മുതൽ 60 വരെ കിലോമീറ്റർ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് അടിച്ചുവീശുമ്പോൾ കാഴ്ചയുടെ ദൂരപരിധി വളരെ കുറവാകുന്നതിനാൽ വാഹനങ്ങള്‍ ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിൽ വാഹനം ഓടിക്കുന്നവർ കൃത്യമായ അകലം പാലിക്കണം.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും വീഡിയോ പകർത്തുന്നതും നിരോധിച്ചിട്ടുണ്ട്. പൊടിക്കാറ്റും മഴയും ഉണ്ടാകുമ്പോൾ ഓരോ പ്രദേശത്തും പാലിക്കേണ്ടുന്ന സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണം.

ട്രാഫിക്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്‍റ്​, ആരോഗ്യവകുപ്പ് എന്നിവർ ആവശ്യമായ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഈ അന്തരീക്ഷത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ആവശ്യമില്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കുക, കണ്ണും മൂക്കും പൊടി കയറാതെ സൂക്ഷിക്കുക, കണ്ണ് തിരുമ്മാതിരിക്കുക, പുറത്തുപോകുമ്പോൾ സൺ ഗ്ലാസുകൾ വെക്കുക, കണ്ണിന് പ്രശ്‌നമനുഭവപ്പെട്ടാൽ ചികിത്സയെടുക്കുക, വീടുകളിലെ ജനലുകൾ അടക്കുകയും പൊടികയറാതെ സൂക്ഷിക്കുകയും ചെയ്യുക തുടങ്ങിയ ആരോഗ്യനിർദേശങ്ങളും പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Climate change; Dust storm expected in northern Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.