ദമ്മാം: സാമാന്യജനങ്ങളുടെ ശബ്ദമാകുന്ന മാധ്യമങ്ങളെ അധികാരം ഉപയോഗിച്ച് കൂച്ചുവിലങ്ങിട്ടുള്ള അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകൾ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് ദമ്മാം മീഡിയഫോറം സംഘടിപ്പിച്ച പൗരസംഗമം അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷയുടെ കാരണം പറഞ്ഞ് മീഡിയവൺ പ്രക്ഷേപണം നിർത്തിവെച്ചതിനെ തുടർന്ന് 'മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുമ്പോൾ സൗദി കിഴക്കൻ പ്രവിശ്യ പ്രതികരിക്കുന്നു'എന്ന തലക്കെട്ടിൽ നടന്ന സംഗമം മേഖലയിലെ 70ൽ അധികം മലയാളി സംഘടനകളുടെ സംയുക്ത പ്രതികരണവേദി കൂടിയായി. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കപ്പെടുന്ന നിശ്ശബ്ദ അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്നും ഇതു പ്രതിഷേധാർഹമാെണന്നും സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.
അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള പൗരന്റെ മൗലികാവകാശത്തിനു നേരെയാണ് അധികാരികൾ തിരിഞ്ഞിരിക്കുന്നത്. മാധ്യമങ്ങൾ നിയമം മറികടന്നാൽ പരാതി നൽകാനും വ്യവസ്ഥാപിതമായി നേരിടാനും സംവിധാനം നിലനിൽക്കെ പുറത്തു പറയാനാവാത്ത രാജ്യസുരക്ഷാ നിയമം ചൂണ്ടിക്കാട്ടി നിഗൂഢമായ നീക്കം ദുരുദ്ദേശ്യപരമെന്ന് സംശയിക്കുന്നതിൽ ആരെയും പഴിപറയാനാകില്ല. ഭരണകൂടത്തെ പുകഴ്ത്തുന്നതിനെ മാത്രം പോറ്റി വളർത്തുകയും അതിന് വഴങ്ങാത്ത മാധ്യമങ്ങൾ ഉൾപ്പെടെ സ്ഥാപനങ്ങളെയും പരന്മാരെയും നിരന്തരം വേട്ടക്ക് വിധേയമാക്കുന്നത് നിത്യകാഴ്ചയായിരിക്കുന്നു. പച്ചയായ വർഗീയത പ്രചരിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്ത് ധ്രുവീകരണം നടത്തുമ്പോഴാണ് ഇത്തരം നടപടികളെന്നത് ശ്രദ്ധേയമാണ്. വിമർശനങ്ങളെയും സംവാദങ്ങളെയും ഭയക്കുന്ന ഭരണകൂടങ്ങൾ മാധ്യമങ്ങളെ ഇതിനു മുമ്പും കടിഞ്ഞാണിട്ടിട്ടുണ്ട്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങളും ഭരണകൂടം നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിനെതിരെ കക്ഷിത്വം മറന്ന് തികഞ്ഞ രാഷ്ടീയ-ചരിത്ര ബോധ്യത്തോടെ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുക മാത്രമാണ് പരിഹാരമെന്നും സദസ്സിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളും ഐകകണ്േഠ്യന അഭിപ്രായപ്പെട്ടു.
നവോദയ, നവയുഗം, കെ.എം.സി.സി, ഒ.ഐ.സി.സി, തനിമ, യൂത്ത് ഇന്ത്യ, പ്രവാസി സാംസ്കാരിക വേദി, ഐ.സി.എഫ്, ആർ.എസ്.സി, സിജി, ഫോക്കസ്, ദമ്മാം ലീഡേഴ്സ് ഫോറം, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യൻ സോഷ്യൽ ഫോറം, കസവ്, ഡിസ്പാക്, ഫോർസ, സീഫ്, എം.എസ്.എസ്, എപ്സാക്, കിസ്മത്ത്, വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി ഫെഡറേഷൻ തുടങ്ങിയ വിവിധ സംഘടന പ്രതിനിധികളും പെരിന്തൽമണ്ണ, വാഴക്കാട്, തെക്കേപ്പുറം, തലശ്ശേരി, കണ്ണൂർ, തൃശൂർ, വടകര, പൊന്നാനി, കീഴുപറമ്പ്, എടവണ്ണ, ആലപ്പുഴ തുടങ്ങിയ നാട്ടുകൂട്ടായ്മ പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു. കെഎം. ബഷീർ, മൻസൂർ പള്ളൂർ, ഇ.എം. കബീർ, ആൽബിൻ ജോസഫ്, മുഹമ്മദ് നജാത്തി, മണിക്കുട്ടൻ, മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, സി. അബ്ദുൽ ഹമീദ്, ബഷീർ ഉള്ളണം, നിസാർ പൊന്നാനി, ആബിദ് നീലഗിരി, ഇ.കെ. സലീം, ഷാജഹാൻ തിരുവനന്തപുരം, ബിജു പൂതക്കുളം, ടി.പി.എം. ഫസൽ, ഡോ. സിന്ധുബിനു, അസ്ലം കൊളക്കാടൻ, സി.കെ. ഷഫീഖ്, ഖദീജ ഹബീബ്, ഷബ്ന ഫൈസൽ, റഷീദ് ഉമർ, അഷ്റഫ് ആലുവ, ഷാജി മതിലകം, ഹമീദ് വടകര, മൻസൂർ എടക്കാട്, മൂസക്കുട്ടി കൊണ്ടോട്ടി, റഷീദ് ഉമർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പി.ടി. അലവി, അഷ്റഫ് ആളത്ത്, നൗഷാദ് ഇരിക്കൂർ, റഫീഖ് വയനാട്, ലുഖ്മാൻ വിളത്തൂർ, പ്രവീൺ എന്നിവർ പങ്കെടുത്തു. സൂബൈർ ഉദിനൂർ അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി സിറാജ് വെഞ്ഞാറമൂട് സ്വാഗതവും ട്രഷറർ മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.