യാംബു: കടൽ തീരത്തെ മണലിൽ മുട്ടയിടാനെത്തുന്ന കടലാമകൾക്ക് സുരക്ഷിത സ്ഥലമൊരുക്കാൻ നടപടികളുമായി യാംബു മുനിസിപ്പാലിറ്റി അധികൃതർ. 'ഹംല തൻദീഫ് ഷവാതിഹ് ലി തഹ്ഷീഷ് അസുലഹ്ഫൽ ബഹ്രിയ്യ' എന്ന പേരിൽ കടലാമകൾക്ക് കൂടൊരുക്കാനുള്ള കടൽത്തീര ശുചീകരണ കാമ്പയിനാണ് ഇതിനായി സംഘടിപ്പിച്ചത്.
കടലാമകൾ സാധാരണ മുട്ടയിടാറുള്ള യാംബു ചെങ്കടൽ തീരത്തെ ഷറം ബീച്ച് ഭാഗത്തെ റാസ് അൽബരീദി, അൽറൈസ് ഭാഗത്തെ അൽഷബാൻ, ഉംലജ് ഭാഗത്തെ അൽഹസ്സി തുടങ്ങിയ പ്രദേശങ്ങളിലാണ് കാമ്പയിനിെൻറ ഭാഗമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തത്. മൂന്നു ദിവസത്തിനുള്ളിൽ ഈ പ്രദേശത്തുനിന്ന് 35 ടൺ മാലിന്യം നീക്കംചെയ്തു. ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം, മാലിന്യ സംസ്കരണ വകുപ്പ് കേന്ദ്രം തുടങ്ങിയവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി അധികൃതർ കാമ്പയിൻ നടത്തിയത്. ഭൂമിയിൽ വംശനാശഭീഷണി നേരിടുന്ന കടലാമകൾക്ക് അവയുടെ താവളങ്ങൾക്കടുത്തുള്ള തീരങ്ങളിൽ പ്രകൃതിദത്തമായ രീതിയിൽ കൂടൊരുക്കാനുള്ള പദ്ധതിയാണ് നടപ്പാക്കിയത്.
ആമകളുടെ ആവാസവ്യവസ്ഥ നിലനിർത്താനും സുരക്ഷിതമായ സ്ഥലത്തു മുട്ട വിരിയാൻ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പരിപാടി ഒരുക്കിയത്. 'ഗ്രീൻ ടർട്ടിൽ' എന്ന പേരിൽ അറിയപ്പെടുന്ന ഒരുതരം കടലാമകളാണ് ഈ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്. ഇതിെൻറ പുറന്തോടിനടിയിലുള്ള കൊഴുപ്പിെൻറ പച്ചനിറമാണ് പച്ചക്കടലാമ എന്ന പേരിനാധാരം. സസ്യഭുക്കായ ഇവക്ക് ഒന്നരമീറ്റർ വരെ വലുപ്പവും 320 കിലോ വരെ ഭാരവും ഉണ്ടാവാം. ഇവയുടെ ശരാശരി ആയുസ്സ് 80 വർഷമാണെന്നും പഠനങ്ങൾ പറയുന്നു.
ആഗസ്റ്റ് മുതൽ ഈ ആമകൾ കരയിൽ കൂടുകൂട്ടാൻ ഒരുക്കം തുടങ്ങും. മൂന്നു നാല് മാസം ഇവയുടെ സീസൺ ആയിരിക്കും. മാർച്ച് വരെ ഇതു തുടരും. ഈ സമയത്താണ് പെൺ ആമകൾ തീരങ്ങളിൽ മുട്ടയിടാനെത്തുന്നത്. മണൽ തീരത്ത് കുഴിയുണ്ടാക്കി മുട്ടകളിട്ട് ഇവ കടലിലേക്ക് മടങ്ങുന്നു. 60 മുതൽ 160 മുട്ടകൾ വരെ ഒരു ആമക്കൂട്ടിൽ തന്നെ ഉണ്ടാവും. സുരക്ഷിതമെന്ന് തോന്നുന്ന കടലോര പ്രദേശങ്ങളിലാണ് ആമക്കൂടൊരുക്കുന്നത്. മുട്ടയിട്ടശേഷം കുഴി മണൽകൊണ്ട് സുരക്ഷിതമായി മൂടി ആമകൾ കടലിലേക്ക് തന്നെ പോകും.
മുട്ടകൾ വിരിയാൻ 45 മുതൽ 65 ദിവസം വരെ എടുക്കും. മുട്ടയിട്ടുകഴിഞ്ഞാൽ ആമകൾ ആ പ്രദേശത്തേക്ക് തിരിച്ചുവരാറില്ല. അമ്മയാമയുടെ ചൂടില്ലാതെയാണ് മുട്ടകൾ വിരിയുന്നതും കുഞ്ഞാമകൾ വളരുന്നതുമെല്ലാം. സൂര്യപ്രകാശമേറ്റാണ് മുട്ടകൾ വിരിയുന്നത്. കടലാമ സംരക്ഷണത്തിനായി അധികൃതർ വിവിധ പദ്ധതികളാണ് ചെങ്കടൽ തീരത്ത് നടപ്പാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.