യാംബു: സൗദി അറേബ്യ പൂർണമായും ശൈത്യകാലത്തിലേക്ക് കടന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ചിലയിടങ്ങളിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൗദി സ്കൂളുകൾ 10 ദിവസത്തെ സെമസ്റ്റർ അവധിയിൽ പ്രവേശിച്ചതിനാൽ രക്ഷിതാക്കളുടെ ആശങ്കയുമൊഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും താപനില ഗണ്യമായി കുറയുകയാണ്. മഴക്കും ശക്തമായ തണുത്ത കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, മദീന, മക്ക, അൽ ജൗഫ്, ഖസിം, റിയാദ്, ഹാഇൽ, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലാണ് താപനില ഗണ്യമായി കുറയുകയും മഞ്ഞുണ്ടാവുകയും ചെയ്യുക.
റിയാദ് പ്രവിശ്യയിൽ തണുപ്പ് കൂടാനും മഴ പെയ്യാനും സാധ്യതയുണ്ട്. റിയാദിലും മദീനയിലും താപനില രണ്ട് ഡിഗ്രി സെൽഷ്യസായി താഴ്ന്നേക്കും. ചിലയിടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്കും പോയേക്കാനിടയുണ്ട്.
വടക്കൻ അതിർത്തിപ്രദേശങ്ങളിലും തബൂക്ക്, അൽ ജൗഫ്, ഹാഇൽ, ഖസീം, ജിസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രിയിലും അതിരാവിലെയും ശക്തമായ മൂടൽ മഞ്ഞുണ്ടാവും. കിഴക്കൻ മേഖലയിലും മദീന, മക്ക മേഖലകളിലും വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കേന്ദ്രം പ്രവചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.