ജിദ്ദ: പ്രവാസികളുടെ പ്രശ്നങ്ങൾ പ്രവാസത്തിന്‍റെ ആരംഭം തൊട്ടേ തുടങ്ങിയതാണെന്നും പ്രവാസിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എല്ലാ കാലത്തും അധികൃതരിൽ നിന്നും വേണ്ടത്ര അനുഭാവം ഉണ്ടായിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യമെന്നും അതുകൊണ്ടു തന്നെ പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനു കൂട്ടായ യോജിച്ച മുന്നേറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ജിദ്ദയിൽ പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം കേരളയും, വിവിധ ജി.സി സി പ്രവാസി ഘടകങ്ങളും ചേർന്ന് ഈ മാസം പതിമൂന്നിന് നടത്തുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ മുന്നോടിയായിട്ടായിരുന്നു സദസ്സ് സംഘടിപ്പിച്ചത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടി അവസാനിപ്പിക്കുക, യാത്രാ പ്രശ്നം പരിഹരിക്കുക, ഗൾഫ് വിദ്യാർത്ഥികൾ നേരിടുന്ന ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാവുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രവാസി പ്രക്ഷോഭം. കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ യാത്രാ ക്ലേശമനുഭവിക്കുന്നവരാണ് സൗദി പ്രവാസികൾ. അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ യാത്രാ നിരോധം എടുത്തു കളയാനും എയർ ബബ്ൾ കരാർ ഉണ്ടാക്കാനും സർക്കാർ തയ്യാറാകേണ്ടതുണ്ട്. അതോടൊപ്പം ദീർഘനാളായി തൊഴിലില്ലാതെ നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് തിരിച്ചു വരുന്നതിന്നാവശ്യമായ ചിലവുകൾക്ക് നോർക്ക വഴി പലിശ രഹിത ലോൺ അനുവദിക്കണം.
സൗദി അറേബ്യയിൽ നീറ്റ് പരീക്ഷാ കേന്ദ്രവും, മറ്റു പരീക്ഷകൾക്കും ഉന്നത വിദ്യാഭ്യാസത്തിനും സൗകര്യമുണ്ടാവണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ബഷീർ ചുള്ളിയൻ വിഷയമവതരിപ്പിച്ചു. പ്രവാസി ഹെൽപ് ഡസ്ക് കോഡിനേറ്റർ യൂസഫ് പരപ്പൻ പ്രവാസികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി.), സ്വലാഹ് കാരാടൻ (എം.ഇ.എസ്), അബ്ദുൽ അസീസ് തങ്കയത്തിൽ (സിജി), ഷാജി അരിമ്പ്രത്തൊടി (എം.എസ്.എസ്), ഡോ. ഫൈസൽ (ഇസ്പാഫ്) , മുഹമ്മദലി ഓവുങ്ങൽ (പ്രവാസി സാംസ്കാരിക വേദി) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി ഉപസംഹാരം നടത്തി. അജ്മൽ അബ്ദുൾ ഗഫൂർ, സി.എച്ച് ബഷീർ, സൈനുൽ ആബിദീൻ, ത്വാഹാ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോഡിനേറ്റർ കെ.എം. കരീം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.