ദമ്മാം: റിയാദിൽനിന്നും 600 കിലോമീറ്ററകലെ വാദി ദവാസിറിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പക്ഷാഘാതം പിടിപെട്ട് ഒരുമാസത്തിലധികമായി ആശുപത്രിയിൽ കഴിഞ്ഞ മലപ്പുറം കടുങ്ങല്ലൂർ സ്വദേശി എം.പി. മൊയ്തുണ്ണി മുസ്ലിയാരെ (43) വിദഗ്ധ ചികിത്സാർഥം സുരക്ഷിതമായി നാട്ടിലെത്തിച്ചു.
മൂന്നാഴ്ചയിലേറെ വാദി ദവാസിർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് ഐ.സി.എഫ്, എസ്.വൈ.എസ് നേതൃത്വത്തിെൻറ ഇടപെടലാണ് സഹായകമായത്. ജോലിക്കിടയിൽ പക്ഷാഘാതമുണ്ടായി തളർന്നുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്നാഴ്ചയോളം അർധബോധാവസ്ഥയിൽ ഐ.സി.യുവിലും വെൻറിലേറ്ററിലുമായിരുന്നു. തുടർന്ന് മുറിയിലേക്ക് മാറ്റിയെങ്കിലും ശരീരഭാഗങ്ങൾ ചലിപ്പിക്കാനും സംസാരിക്കാനും കഴിയാതെ വളരെ പ്രയാസപ്പെട്ടിരുന്ന മൊയ്തുണ്ണിെയ പരിചരിക്കാൻ വാദിയിലെ ഒരുപറ്റം പരിചയക്കാരും നാട്ടുകാരുമായ മനുഷ്യസ്നേഹികൾ തയാറായി. ബന്ധുവായ സൈനുദ്ദീൻ, അബ്ദുല്ല എന്നിവർ ജോലിപോലും ഒഴിവാക്കി ആശുപത്രിയിൽ കൂട്ടിരിക്കാനെത്തി. തുടർചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിെയങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ വിസമ്മതിച്ചു. ഇടയ്ക്കിടെ ഓക്സിജൻ കൊടുക്കേണ്ടതും തലയിൽനിന്നും കഫം ഒഴിവാക്കേണ്ടതുമുണ്ട്.
വിദഗ്ധ സംവിധാനങ്ങൾ സഹിതം മാത്രമേ നാട്ടിലയക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഐ.സി.എഫ്, കെ.എം.സി.സി പ്രവർത്തകർ ചേർന്ന് വിമാന ടിക്കറ്റിനുള്ള 23,500 റിയാൽ സമാഹരിച്ചു. വാദി ദവാസിറിൽനിന്നും എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആംബുലൻസിൽ നഴ്സിെൻറ സേവനവും ലഭ്യമാക്കി ജിദ്ദ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം സഹയാത്രികനായി മേലാറ്റൂർ സ്വദേശി മുഹമ്മദ് സ്വാദിഖ് അദ്ദേഹത്തെ അനുഗമിച്ചു. സൗദി എയർലൈൻസ് അധികൃതർ വിമാനത്തിലും പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കടുങ്ങല്ലൂർ യൂനിറ്റ് എസ്.വൈ.എസ് ഏർപ്പെടുത്തിയ സാന്ത്വനം ആംബുലൻസിൽ നേരെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് അഡ്മിറ്റ് ചെയ്തു. കൊരമ്പയിൽ ആശുപത്രിയിൽ നഴ്സായ ജംഷീന ആനക്കയം ആംബുലൻസിൽ ആവശ്യമായ സഹായത്തിനുണ്ടായിരുന്നു. 'സഹായി'യുടെ നേതൃത്വത്തിൽ ആശുപത്രി നടപടികൾ സുതാര്യമാക്കി. എസ്.വൈ.എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് പറവൂർ, ഐ.സി.എഫ് ഭാരവാഹികളായ നിസാർ കാട്ടിൽ, സിറാജുദ്ദീൻ സഖാഫി കൊല്ലം, കെ.വി. അബൂബക്കർ കക്കാവ്, ശറഫുദ്ദീൻ സീക്കോ തെന്നല, നാസർ ചെറുവാടി, സുബൈർ അഹ്സനി കടുങ്ങല്ലൂർ, നൗഫൽ മഞ്ചേരി എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.