ജിദ്ദ: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി മുക്തേഷ് കെ. പർദേശി നാല് ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടും ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്താനുമായി ഈ മാസം നാല് മുതൽ ഏഴ് വരെയാണ് അദ്ദേഹം സൗദി സന്ദർശിച്ചത്.
റിയാദിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതിയുമായി സെക്രട്ടറി മുക്തേഷ് കെ. പരദേശി ചർച്ചനടത്തി. ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി, പരസ്പര താൽപര്യമുള്ള വിഷയങ്ങൾ തുടങ്ങിയവയും സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് (എസ്.പി.സി) കീഴിലുള്ള പുരോഗതി അവലോകനം ചെയ്തു. വിവിധ മേഖലകളിൽ സൗദിയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത മുക്തേഷ് കെ. പർദേശി ആവർത്തിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം സുഗമമാക്കുന്നതിനെക്കുറിച്ചും പുനരുപയോഗ മേഖലയിലും ഗ്രിഡ് കണക്റ്റിവിറ്റിയിലും ഉൾപ്പെടെ ഊർജ സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ചും സൗദി വൈദ്യുതികാര്യ സഹമന്ത്രി നാസർ അൽ ഖഹ്താനി, പെട്രോളിയം, ഗ്യാസ് അസിസ്റ്റന്റ് മന്ത്രി എൻജിനീയർ മുഹമ്മദ് അൽ ഇബ്രാഹിം എന്നിവരുമായും സൗദി സെന്റർ ഫോർ ഇന്റർനാഷണൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ(എസ്.സി.ഐ.എസ്.പി) പ്രസിഡന്റും സി.ഇ.ഒയുമായ ഡോ. റാദ് അൽ ബറകാത്തിയുമായും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി മുക്തേഷ് കെ. പർദേശി ചർച്ചനടത്തി.
ഗൾഫ് കോഓപറേഷൻ കൗൺസിലുമായുള്ള (ജി.സി.സി) ഇടപഴകൽ സന്ദർശനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. റിയാദിലെ ജി.സി.സി സെക്രട്ടറിയേറ്റ് സന്ദർശിച്ച സെക്രേട്ടറി, ജി.സി.സി അസിസ്റ്റന്റ് സെക്രേട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽ ഉവൈഷെഗുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, സുരക്ഷ, ഊർജം, സാംസ്കാരിക വിനിമയം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളെക്കുറിച്ച് ഇരുപക്ഷവും തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറി.
സൗദിയിലെ 24 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും തന്റെ സന്ദർശന വേളയിൽ സെക്രട്ടറി അവലോകനം ചെയ്തു. ജിദ്ദയിലും റിയാദിലും ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായി അദ്ദേഹം സംവദിച്ചു. സൗദി അറേബ്യയുടെ സാമൂഹിക, സാമ്പത്തിക ഘടനക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ സെക്രട്ടറി അഭിനന്ദിക്കുകയും ഇന്ത്യൻ സർക്കാറിന്റെ തുടർ പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തു.
ഈ വർഷം ഹജ്ജിനെത്തുന്ന ഇന്ത്യൻ തീർഥാടകർക്ക് ജിദ്ദയിലും മദീനയിലും തയാറാക്കിയ ഒരുക്കങ്ങളും സെക്രട്ടറി മുക്തേഷ് കെ. പരദേശി വിലയിരുത്തി. സൗദി വൈസ് ഹജ്ജ് മന്ത്രി ഡോ. അബ്ദുൾ ഫത്താഹ് മഷാത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും തീർഥാടകരുടെ ക്ഷേമവും സൗകര്യവും ലക്ഷ്യമിട്ടുള്ള ലോജിസ്റ്റിക് ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. മദീനയിൽ ഇന്ത്യൻ ഹാജിമാർക്കൊരുക്കിയ സൗകര്യങ്ങൾ മറ്റു ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം നേരിട്ടെത്തി പരിശോധിച്ചു. ഈ വർഷം ഇന്ത്യയിൽ നിന്നും 1,75,025 തീർഥാടകരാണ് ഹജ്ജിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.