റിയാദ്: സൗദി അറേബ്യയിലേക്ക് സൈനിക ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇറ്റലി ബുധനാഴ്ച നീക്കം ചെയ്തു. യമൻ പ്രതിസന്ധിക്കും സൈനിക നടപടികൾക്കും അയവ് വന്ന സാഹചര്യത്തിലാണ് ഉപരോധം ഒഴിവാക്കുന്നതെന്ന് ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി.
പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇറ്റലിയുടെ വിദേശ, പ്രതിരോധ നയങ്ങൾക്കനുസൃതമായാണ് തീരുമാനമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
യമനിലെ സംഘർഷത്തിൽ പരസ്പരം ആയുധങ്ങൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിൽനിന്ന് സൗദി അറേബ്യയിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ഇറ്റാലിയൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
ബന്ധപ്പെട്ട കക്ഷികൾ ചർച്ചയിലേക്ക് കടക്കുകയും മേഖലയിലെ സാഹചര്യങ്ങളിൽ മാറ്റം വരുകയും ചെയ്ത നിലക്ക് വിലക്ക് തുടരാൻ കൂടുതൽ കാരണങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. ‘യമനിലെ പ്രാദേശിക സാഹചര്യം മാറി. യുദ്ധവിരാമത്തിന് പിന്നിലുള്ള വിവേകപൂർവമായ നീക്കങ്ങൾക്കും സൈനിക നീക്കങ്ങൾ പരിമിതപ്പെടുത്തിയതിനും നന്ദി’-സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
സൈനിക പ്രവർത്തനങ്ങളിൽ കുറവ് വരുത്തിയത് ബോംബുകളുടെയും മിസൈലുകളുടെയും സിവിലിയൻ ലക്ഷ്യങ്ങൾക്കെതിരായ ദുരുപയോഗം ഗണ്യമായി കുറയാൻ കാരണമാകുമെന്ന് ഇറ്റലി വിശ്വസിക്കുന്നതായി പ്രസ്താവന തുടർന്നു.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള യു.എൻ മധ്യസ്ഥതയെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ച റോം തങ്ങൾ ഇക്കാര്യത്തിൽ തീവ്രമായ നയതന്ത്ര പ്രവർത്തനങ്ങൾ നടത്തിയതും സാമ്പത്തികവും മാനുഷികവുമായ സഹായങ്ങളുമായി സംഘർഷ മേഖലയിൽ സജീവമായിരുന്നതും അനുസ്മരിച്ചു.
സംഘർഷത്തിൽ അയവ് വന്ന സാഹചര്യത്തിൽ ഇറ്റലിയുടെ വിദേശ, പ്രതിരോധ നയത്തിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് ബോംബുകളും മിസൈലുകളും കയറ്റുമതി ചെയ്യുന്നതിന് നിലവിലുള്ള നിരോധനം പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.