ബുറൈദ: സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കെ കച്ചവട സ്ഥാപനങ്ങൾ വിലക്കിഴിവ് പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി വാണിജ്യമന്ത്രാലയം. ദേശീയദിനവുമായി ബന്ധപ്പെട്ട വിലക്കിഴിവിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണം.
ഈ അനുമതി പത്രം സ്ഥാപനത്തിൽ ഉചിതമായതും ഉപഭോക്താക്കൾക്ക് കാണാവുന്നതുമായ സ്ഥലത്ത് പ്രദർശിപ്പിക്കണം. വിലക്കുറവിന്റെ ശതമാനം ഉപഭോക്താക്കൾക്ക് വായിച്ച് മനസിലാക്കത്തക്ക വിധം രേഖപ്പെടുത്തിയിരിക്കണം. വിലക്കിഴിവ് പ്രഖ്യാപനത്തിന് മുമ്പും ശേഷവുമുള്ള വിലയുടെ സ്റ്റിക്കറുകൾ ഉത്പന്നങ്ങൾക്ക് മേൽ പതിച്ചിരിക്കണം. 15 ദിവസത്തിൽ കൂടുതൽ വിലക്കിഴിവ് നൽകാൻ പാടില്ല എന്നീ അഞ്ച് വ്യവസ്ഥകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 17 മുതൽ 30 വരെയാണ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന വിലക്കിഴിവിന് അനുമതിയുള്ളത്.
മന്ത്രാലയ അനുമതിക്കായുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടവ ഏതൊക്കെയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരും വിലാസവും വ്യക്തമാക്കുന്ന രേഖയാണ് ഒന്നാമത്തേത്. വിലക്കിഴിവിന്റെ കാലയളവ് തീയതി സഹിതം രേഖപ്പെടുത്തി നൽകണം. വിലക്കിഴിവ് നൽകുന്ന ഉൽപന്നങ്ങളുടെ ലിസ്റ്റ് തയാറാക്കി നൽകണം. എത്ര ശതമാനം കിഴിവാണ് നൽകുന്നതെന്ന് ലിസ്റ്റിൽ പ്രത്യേക രേഖപ്പെടുത്തിയിരിക്കണം. ഈ നാല് നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഡിസ്‌കൗണ്ട് പെർമിറ്റ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.