ദമ്മാം: ഇടുക്കി ജില്ലയിലെ രാജമലയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞവർക്കും കരിപ്പൂർ വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനത്തിെൻറ ലാൻഡിങ്ങിനിടയിൽ നടന്ന അപകടത്തിൽപെട്ട് മരിച്ചവർക്കും നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി യോഗം ആദരാഞ്ജലികളർപ്പിച്ചു. നിർഭാഗ്യം കൊണ്ട് സംഭവിച്ച രണ്ടു ദുരന്തങ്ങളിലും പതറാതെ, അപകടത്തിൽപ്പെട്ട സഹോദരങ്ങളുടെ ജീവനെ രക്ഷിക്കാൻ ജാതി, മത, രാഷ്ട്രീയങ്ങൾ മാറ്റിവെച്ച്, മനുഷ്യത്വം മാത്രം ഉയർത്തിപ്പിടിച്ച്, നമ്മുടെ നാട് ഒറ്റക്കെട്ടായി നടത്തിയ ജീവൻ രക്ഷാപ്രവർത്തനങ്ങൾ രാജ്യത്തിന് മുഴുവൻ മാതൃകയാണ്.
രണ്ടുസ്ഥലത്തും കോവിഡ് ഭീക്ഷണിയോ, സ്വന്തം സുരക്ഷിതത്വമോ, കനത്ത മഴയോ ഒന്നും പരിഗണിക്കാതെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ നാട്ടുകാരും, പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേനാംഗങ്ങൾ തുടങ്ങിയവരും അതിനൊക്കെ നേതൃത്വം നൽകിയ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ ചികിത്സയും സൗജന്യമായി നൽകാനും മതിയായ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതാർഹമാണ്. ആ കുടുംബങ്ങളുടെ അതിജീവനം നമ്മുടെ സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്. ഓരോ അപകടവും നമുക്ക് നൽകുന്നത് പുതിയ ഒരു പാഠമാണ്. അത് ഉൾക്കൊണ്ട്, ഇനി അത്തരം ഒരു ദുരന്തം ആവർത്തിക്കാതെ നോക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അധികാരികൾക്കും പൗരന്മാർക്കും കഴിയണം. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും എല്ലാ മലയാളികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു.
എയർ ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ വിമാനം കരിപ്പൂരിൽ അപകടത്തിൽ െപട്ട് നിരവധി പ്രവാസികൾ മരണപ്പെട്ടതിലും കാലവർഷക്കെടുതിയിൽ ഉരുൾപൊട്ടി മൂന്നാർ രാജമലയിൽ കാർഷിക തൊഴിലാളികൾ മരണമടഞ്ഞതിലും കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയും അൽഖോബാർ സെൻട്രൽ കമ്മിറ്റിയും നടുക്കം രേഖപ്പെടുത്തി. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങവേ ഉണ്ടായ അപകടം ദുഃഖകരണ്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതർക്കും ഗുരുതര പരിക്കുകൾ പറ്റി ചികിത്സയിൽ കഴിയുന്നവർക്കും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ആശ്വാസധനം കാലതാമസം കൂടാതെ എത്തിച്ചു നൽകണമെന്നും പ്രവിശ്യ കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
കോവിഡ് മഹാമാരിയും കാലവർഷക്കെടുതിയും പ്രയാസത്തിലാക്കിയ മലയോര മേഖലയിലെ ആദിവാസികളടക്കമുള്ള തോട്ടം തൊഴിലാളികൾക്ക് നേരിട്ട ദുരന്തം ഞെട്ടലുളവാക്കിയെന്ന് അൽഖോബാർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ പറഞ്ഞു. കൊണ്ടോട്ടിയിലും രാജമലയിലും ആദ്യഘട്ടത്തിൽത്തന്നെ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതായും വാർത്താകുറിപ്പിൽ പറഞ്ഞു.
റിയാദ്: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കാനും ജീവൻ നഷ്ടപ്പെടാനും ഇടയായതിൽ റിയാദ് കേളി കലാസാംസ്കാരിക വേദി നടുക്കവും അനുശോചനവും രേഖപ്പെടുത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വന്ദേ ഭാരത് മിഷെൻറ ഭാഗമായി പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ദുബൈ-കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽപെട്ടത്. അപകടത്തിൽപെട്ടവരെയും അവരുടെ ബന്ധുക്കളെയും സഹായിക്കാനായി ഉടൻതന്നെ കൺട്രോൾ റൂമും പരിക്കേറ്റവർക്ക് എയർപോർട്ടിനടുത്തുള്ള ആശുപത്രികളിൽ എല്ലാവിധ ചികിത്സ സൗകര്യങ്ങളും കേരള സർക്കാറിെൻറ നേതൃത്വത്തിൽ ഒരുക്കി. അപകടത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും അടിയന്തരാശ്വാസമായി ധനസഹായം നൽകാൻ കേന്ദ്ര വ്യോമയാന വകുപ്പിനോട് കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജമലയിൽ ഉരുൾപൊട്ടിയും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അറിയിച്ചു. അവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സകീർ ദാനത്, ജനറൽ സെക്രട്ടറി അമീർ പട്ടണത്ത്, വിനേഷ് ഒതായി, വഹീദ് വാഴക്കാട്, ജംഷാദ് തുവ്വൂർ, ഷാജി നിലമ്പൂർ, റിയാസ് വണ്ടൂർ, ഉണ്ണികൃഷ്ണൻ, അബൂബക്കർ ബ്രഹ്മത് തുടങ്ങിയവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
കരിപ്പൂർ വിമാന ദുരന്തത്തിൽ റിയാദിലെ കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) അനുശോചിച്ചു. അപകടസ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നാട്ടുകാരടക്കമുള്ളവരെ അഭിനന്ദിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ കൃപയും പങ്കുചേരുന്നതായും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) സൗദി നാഷനൽ കമ്മിറ്റി അനുശോചിച്ചു. കോവിഡും മഴക്കെടുതിയും അനുഭവിക്കുന്നതിനിടയിൽ വിമാന അപകടം പ്രവാസികളടക്കമുള്ളവർക്ക് വളരെ ആഘാതമാണ് ഉണ്ടാക്കിയത്. അപകടം നടന്ന സമയത്ത് തന്നെ ഓടിയെത്തി കോവിഡ് ഭയം പോലും അവഗണിച്ച് അപകടത്തിൽപെട്ടവരെ വാരിയെടുത്തു നെഞ്ചോട് ചേർത്ത രക്ഷാപ്രവർത്തകർ, സഹായത്തിനായി ആശുപത്രികളിലേക്ക് ഓടിയെത്തിയ നാട്ടുകാർ, നിയമപാലകർ, ആംബുലൻസ് ഡ്രൈവർമാർ, ആരോഗ്യപ്രവർത്തകരടക്കം മുഴുവനാളുകൾക്കും നന്ദിയും സ്നേഹവും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.