മദീന: മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെയും മുൻ എം.എൽ.എ പുനലൂർ മധുവിന്റെയും നിര്യാണത്തിൽ മദീന ഒ.ഐ.സി.സി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. മലബാറിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തി വലുതാക്കിയ ആര്യാടൻ മുഹമ്മദിന്റെ വിയോഗം മലബാറിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കലർപ്പില്ലാത്ത മതേതര മൂല്യം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും കേരള നിയമസഭയിൽ സഞ്ചരിക്കുന്ന സർവവിജ്ഞാന കോശം എന്നാണ് അദ്ദേഹത്തെ രാഷ്ട്രീയ നിരീക്ഷകർ വിളിച്ചിരുന്നതെന്നും അഡ്വ. വി.എസ്. ജോയ് പറഞ്ഞു.
ആര്യാടന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ പിറകെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പുനലൂർ മധു കൊല്ലം ജില്ലയിലെ മലയോര മേഖലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായ പങ്കുവഹിച്ച വ്യക്തിയാണ്. വിദ്യാർഥി യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം ഒരുപാട് പ്രതീക്ഷകൾ ഉള്ള നേതാവായിരുന്നുവെന്നും വി.എസ്. ജോയ് സൂചിപ്പിച്ചു. പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. മുജീബ് ചെനാത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സിയാദ് കായംകുളം, കുഞ്ഞുട്ടി മുനീർ, ഫൈസൽ അഞ്ചൽ, ജംഷീർ ഹംസ എടത്തനാട്ടുകര, ആസിഫ് അയിനിക്കോട് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ബഷീർ പുൽപ്പള്ളി സ്വാഗതവും നാസർ വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.