റിയാദ്: റിയാദിൽ ശസ്ത്രക്രിയയിലൂടെ വേർപെട്ട നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസ്നയുടെയും ഹസീനയുടെയും ആരോഗ്യനില ഭദ്രമാണെന്ന് ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂർ കഴിഞ്ഞു. രണ്ട് പെൺകുട്ടികളും ഇപ്പോഴും തീവ്രപരിചരണത്തിൽ അനസ്തേഷ്യയിലാണ്. അവർക്ക് പോഷകാഹാരവും ആവശ്യമായ മരുന്നുകളും നൽകുന്നുണ്ട്. എല്ലാ മെഡിക്കൽ സൂചകങ്ങളും ആശ്വാസകരമാണ്. ദൈവത്തിന് സ്തുതി. പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടികളുടെ ആരോഗ്യനില ചികിത്സിക്കുന്ന മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡോ. അബ്ദുല്ല റബീഅ പറഞ്ഞു.
ഏകദേശം 10 ദിവസം മുതൽ രണ്ടാഴ്ച വരെ കർശനമായ മേൽനോട്ടം ആവശ്യമാണ്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പീഡിയാട്രിക് വാർഡിലേക്ക് മാറ്റുന്നതിനായി ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ഡോ. റബീഅ പറഞ്ഞു. വ്യാഴാഴ്ച കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ ഒമ്പത് ഘട്ടങ്ങളിലായി 16.5 മണിക്കൂർ നീണ്ട ശസ്ക്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർപെടുത്തിയത്. ശസ്ത്രക്രിയ വളരെ സങ്കീർണമായിരുന്നു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിലെ 60ാമത്തെ ശസ്ത്രക്രിയയാണിത്. 1990 മുതൽ 25 രാജ്യങ്ങളിൽ നിന്നുള്ള 135 ഇരട്ടകളെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.