ജീസാൻ: ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ പ്രതിനിധിസംഘം ജീസാൻ സെൻട്രൽ ജയിൽ, ളമദ് സബ് ജയിൽ എന്നിവ സന്ദർശിച്ചു. വിവിധ കേസുകളിൽ അകപ്പെട്ട് ജീസാൻ ജയിലുകളിൽ കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ക്ഷേമവും നിയമ പരിരക്ഷയും ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു സംഘം ജയിൽ സന്ദർശനം നടത്തിയത്. ജീസാൻ സെൻട്രൽ ജയിലിലെ മേധാവി അഖീത് ഉമർ മുഹമ്മദ് അൽ ഹാമിരിയുമായും ളമദ് സബ് ജയിൽ മേധാവി അഖീത് മുഹദ്ദസിസുമായും കോൺസുലേറ്റ് പ്രതിനിധി ജയിൽ ഓഫിസിൽ വെച്ചു ചർച്ചനടത്തി. നിലവിൽ ജീസാൻ സെൻട്രൽ ജയിലിൽ 72 ഇന്ത്യൻ തടവുകാരും ളമദ് സബ് ജയിലിൽ 5 ഇന്ത്യൻ തടവുകാരുമാണുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ നിരോധിത ഉല്പന്നങ്ങളുടെ ഉപയോഗത്തിനും അത് വിപണനം ചെയ്തതിനുമാണ് അധികപേരും ജയിൽ ശിക്ഷക്ക് വിധേയരായത്. പൊതുമാപ്പിൽ ഉൾപ്പെട്ടവർക്കുള്ള യാത്ര രേഖകൾ എത്രെയും പെട്ടെന്ന് ശരിയാക്കി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സംഘം ഉറപ്പു നൽകി. സി.സി.ഡബ്ല്യൂ.എ അംഗങ്ങളും സാമൂഹ്യ സന്നദ്ധ പ്രവർത്തകരുമായ ശംസു പൂക്കോട്ടൂർ, ഖാലിദ് പട്ല, സയ്യിദ് ഖാഷിഫ് എന്നിവർ സംഘത്തിനുവേണ്ട സഹായങ്ങൾ നൽകി അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.