റിയാദ്: വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിന്റെ ആകുലതകൾ പങ്കുവെച്ച് റിയാദിലെ ചില്ല സർഗവേദിയുടെ ആഗസ്റ്റിലെ പ്രതിമാസ വായന. ഇന്ത്യൻ അധികാരിവർഗത്തിന്റെ രാഷ്ട്രീയ പ്രചോദന ഉറവിടം എവിടെയാണെന്ന് വിശദമായി പരിശോധിക്കുന്ന ദേവനുരു മഹാദേവയുടെ ഫാഷിസത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മുഖം അവതരിപ്പിച്ച് സി.കെ. വിനയൻ വായനാനുഭവങ്ങൾക്ക് തുടക്കംകുറിച്ചു. അക്രമോത്സുകതയും സാമൂഹിക ധ്രുവീകരണവും ജനാധിപത്യധ്വംസനവും ചാതുർവർണ്യ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ മതരാഷ്ട്രവാദവും ഉയർത്തി അധികാരം നേടിയവരുടെ ചരിത്രപശ്ചാത്തലം ചർച്ചചെയ്യുന്നതാണ് ഈ പുസ്തകമെന്ന് വിനയൻ അഭിപ്രായപ്പെട്ടു.
ലോകസാഹിത്യത്തിൽ വിസ്മയം തീർക്കുകയും ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുകയും ചെയ്ത പൗലോ കൊയ്ലോയുടെ ‘ദി ആല്‍കെമിസ്റ്റ്’ എന്ന കൃതിയുടെ വായനാനുഭവം സൗരവ് വിപിൻ പങ്കുവെച്ചു. സ്വപ്നദര്‍ശനത്തിന്റെ പ്രേരണയില്‍ നിധി തേടിയുള്ള യാത്രയിൽ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നായകൻ സരളവും നവ്യവുമായ ഭാവം പ്രദാനംചെയ്യുന്നു. ലക്ഷ്യത്തിലെത്താന്‍ നമ്മള് അതികഠിനമായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അത് സാക്ഷാത്കരിക്കാൻ ഈ ലോകംതന്നെ നമ്മെ സഹായിക്കും എന്ന ശുഭചിന്തയാണ് സാൻറിയാഗോയിലൂടെ പൗലോ കൊയ്ലോ വായനക്കാരന് പകരുന്നതെന്ന് സൗരവ് പറഞ്ഞു.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ വ്യഥകളിൽനിന്ന് രൂപംകൊണ്ട അഖിൽ കെ.യുടെ ‘നീലച്ചടയൻ’ എന്ന കഥാസമാഹാരത്തിലെ കഥകൾ ബീന സദസ്സുമായി പങ്കുവെച്ചു. വടക്കൻ കേരളത്തിലെ സാംസ്കാരിക തനിമയും തെയ്യക്കോലങ്ങൾ പകരുന്ന ദ്രുതജീവിതതാളവും സംഗീതാത്മകതയുള്ള ഭാഷയും കഥകളിൽ നിറഞ്ഞുനിൽക്കുന്നു എന്ന് ബീന അഭിപ്രായപ്പെട്ടു. മനുഷ്യരുടെ വികാരവിചാരങ്ങളും ഹൃദയഭാരവും പങ്കുവെക്കുന്ന നനഞ്ഞ വഴികളിലൂടെയുള്ള സഞ്ചാരമാണ് അഖിലിന്റെ കഥകളിലുള്ളത്.
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടിയുടെ ഓർമകളുടെ സമാഹാരമായ ‘പറയാതെ പോയത്’ എന്ന കൃതിയുടെ വായന മൂസ കൊമ്പൻ പങ്കുവെച്ചു. ജിദ്ദയിലെ ജീവിതകാലത്തിന്റെ ഓർമകളിലൂടെ പ്രവാസത്തിന്റെ നേരും നെറിയും ചർച്ചചെയ്യുന്നതാണ് ഈ പുസ്തകം. പുസ്തകാവതരണങ്ങൾക്കുശേഷം നടന്ന ചർച്ചയിൽ വിപിൻ കുമാർ, നാസർ കാരക്കുന്ന്, ജോഷി പെരിഞ്ഞനം, ജോമോൻ സ്റ്റീഫൻ, മുനീർ, ബിനീഷ്, വിനോദ് മലയിൽ, ഷിഹാബ് കുഞ്ചിസ് തുടങ്ങിയവർ പങ്കെടുത്തു.
നമ്മുടെ രാജ്യം ഇന്ന് കടന്നുപോകുന്ന രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയുടെ ആശങ്കകൾ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും പങ്കുവെച്ചു. ഭരണഘടനയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന യഥാർഥ ജനാധിപത്യരാഷ്ട്രീയ സംവിധാനം ഇനിയും രാജ്യത്ത് തിരികെ വരുന്നില്ലെങ്കിൽ അത് വലിയ വിപത്തിലേക്കു നയിക്കും എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. എം. ഫൈസൽ ചർച്ചകൾ ഉപസംഹരിച്ച് സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.