ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദാ മദ്റസയുടെ 35ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അൽഹുദാ എക്സ്പോ’യുടെ ഒരുക്കങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ജിദ്ദ ശറഫിയയിലെ അൽഹുദാ മദ്റസാ കാമ്പസിൽ ജനുവരി 9,10,11 തീയതികളിലാണ് എക്സ്പോ നടക്കുന്നത്. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന എക്സ്പോയുടെ കൗണ്ടറുകൾ സന്ദർശകർക്ക് നവ്യാനുഭവം പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനുവരി ഒമ്പതിന് വൈകീട്ട് ഏഴിന് തുടക്കം കുറിക്കുന്ന എക്സ്പോയുടെ വിവിധ സ്റ്റാളുകളിൽ വൈവിധ്യങ്ങളായ പ്രാപഞ്ചിക പ്രതിഭാസങ്ങളിൽ തുടങ്ങി, മനുഷ്യൻ അനുഭവിച്ചറിയേണ്ട വിസ്മയകരമായ കാഴ്ചകളാണ് ഒരുക്കുന്നത്.
ഭൂമിയിലെ പ്രപഞ്ചനാഥന്റെ സൃഷ്ടിവൈഭവങ്ങളിലൂടെയുള്ള സഞ്ചാരം, മനുഷ്യൻ എന്ന മഹാത്ഭുതത്തെക്കുറിച്ചുള്ള വിസ്മയകരമായ കാഴ്ചകൾ, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളുടെ വിവിധ തലങ്ങളെ സ്പർശിക്കുന്ന ആശയാവിഷ്കാരം, കാഴ്ചയെന്ന ദൈവീകാനുഗ്രഹത്തിന്റെ അനുഭവ യാഥാർഥ്യം, ചരിത്രത്തിലെ സുവർണ കാലഘട്ടങ്ങളിലെ അവിശ്വസനീയമായ കണ്ടുപിടിത്തങ്ങളെ തൊട്ടുണർത്തുന്ന ലെഗസി, ഇരുണ്ട യുഗത്തിൽ പ്രകാശം വിതറിയ മഹാമനീഷിയുടെ ജീവിതയാത്ര, കുരുന്നുകൾക്ക് കളികളിലൂടെ വിജ്ഞാനം പകരുന്ന ഫൺ സോൺ, ആകാശ വിസ്മയങ്ങളുടെ അത്ഭുത കാഴ്ചകളിലൂടെയുള്ള സഞ്ചാരം, ജീവിതയാത്രയുടെ തുടക്കവും പര്യവസാനവും രേഖപ്പെടുത്തുന്ന സന്ദേശ യാത്ര, ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയ സ്വഹാബ വനിതകളുടെ ജീവിതയാത്ര തുടങ്ങി വൈവിധ്യങ്ങളുടെ വിസ്മയ ലോകമാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ളതെന്നും സംഘാടകർ അറിയിച്ചു. ഒമ്പതിന് വൈകീട്ട് ഏഴിന് ഉദ്ഘാടനം ചെയ്യുന്ന എക്സ്പോയിൽ 10, 11 തീയതികളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരമുണ്ടാവുക എന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.