ജിദ്ദ: സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഓഫ് കോൺഫറൻസ് ആൻഡ് റിസർച് സംഘടിപ്പിച്ച ത്രിദിന ആഗോള അറബിഭാഷ സമ്മേളനം ജിദ്ദയിൽ റാഡിസൺ ബ്ലൂ കൺവെൻഷൻ സെന്ററിൽ സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200ഓളം അറബി ഭാഷ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുത്ത പരിപാടി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് അൽ സഹറാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ ഡോ. സൽമാ സുലൈമാൻ, ഡോ. സാഫിർ ഗുർമാൻ അൽ അംറി, ഡോ. അബ്ദുൽ ഖാദിർ സലാമി, ഡോ. അമീന ബഹാശിമി സംസാരിച്ചു.
‘നിർമിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തിയുള്ള അറബി ഭാഷ പരിശീലനം’ എന്ന വിഷയത്തിൽ നടന്ന വർക്ക് ഷോപ്പിന് ഡോ. ആയിശ ബലീഹശ് അൽ അംരി നേതൃത്വം നൽകി. ‘അനറബി രാജ്യങ്ങളിലെ അറബി ഭാഷാധ്യാപനം’ എന്ന സെഷനിൽ പ്രമുഖ അറബി ഭാഷ പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽനിന്നും സമ്മേളനത്തിൽ പങ്കെടുത്ത ഏക പ്രതിനിധിയായിരുന്നു ഡോ. ഹുസൈൻ മടവൂർ. വിദ്യാർഥികൾക്ക് തൊഴിൽമേഖലയിൽ ആവശ്യമായ ആധുനിക അറബിഭാഷ പരിശീലിപ്പിക്കാൻ അനറബി പ്രദേശങ്ങളിൽ ഭാഷാധ്യാപന കേന്ദ്രങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെഷനിൽ ഡോ. നാസിഹ് ഒസ്മാനോവ് (ബോസ്നിയ), ഡോ. ഫൈസൽ മുഹമ്മദ് അൽ മുതൈരി (സൗദി വിദ്യാഭ്യാസ വകുപ്പ്), ഡോ. ബഹിയ്യ മുഹമ്മദ് ഹന്നാവി (മദീനാ ത്വൈബ യൂനിവേഴ്സിറ്റി), പ്രഫ. ആലാ ശൈഖ് സുലൈമാൻ (യു.കെ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ അറബി ഭാഷാധ്യാപനവുമായി ബന്ധപ്പെട്ട 40 ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി.
പെട്രോളിയം, ഐ.ടി, ഏവിയേഷൻ, ആരോഗ്യം, വിദ്യാഭ്യാസം, നിർമാണം, വിനോദ സഞ്ചാരം, എയർപോർട്ട്, വ്യാപാരം, വ്യവസായം, നയതന്ത്രം തുടങ്ങിയ മേഖലകളിലുള്ള തൊഴിൽ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.