യാംബു: സ്വകാര്യ മേഖലയിലെ വിദേശികളുടെ തൊഴിൽ കരാറുമായി ബന്ധപ്പെട്ട സേവനം ഇനി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിെൻറ 'ക്വിവ'പ്ലാറ്റ്ഫോം വഴിയും ലഭിക്കും. തൊഴിലുടമകൾ ക്വിവ നൽകുന്ന സേവനം ഉപയോഗപ്പെടുത്തണമെന്നും തൊഴിൽതർക്കങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ക്വിവ പ്ലാറ്റ്ഫോം വഴി 85 സേവനങ്ങളാണ് നൽകുന്നത്. വിദേശികൾക്ക് അനുകൂലമായി ഇപ്പോൾ നടപ്പാക്കിയ തൊഴിൽ പരിഷ്കരണത്തിൽ സ്പോൺസറുടെ അനുവാദമില്ലാതെ തൊഴിൽ കരാർ തീരുന്ന മുറക്ക് ആവശ്യമെങ്കിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലെ തൊഴിലിലേക്ക് മാറാവുന്നതാണ്. ഇതിനും ക്വിവ പ്ലാറ്റ്ഫോം സേവനം ഉപയോഗിക്കാവുന്ന രീതിയിലാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.
സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ചട്ടങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും സുതാര്യമായ രീതിയിൽ ജോലി ചെയ്യാൻ സാധിക്കുന്ന അവസ്ഥ വരുത്താനുമാണ് മന്ത്രാലയം പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. വിഷൻ 2030 ലക്ഷ്യംവെക്കുന്ന തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായാണ് ആഭ്യന്തര മന്ത്രാലയവും മറ്റ് സർക്കാർ ഏജൻസികളും പുതിയ പരിഷ്കരണങ്ങൾ വരുത്തുന്നത്. തൊഴിൽവിപണിയെ പ്രാദേശികമായും അന്തർദേശീയമായും കൂടുതൽ മത്സരാധിഷ്ഠിതമാക്കുക, സ്വകാര്യമേഖലയിൽ ഉൽപാദനക്ഷമത വർധിപ്പിക്കുക എന്നിവയും പുതിയ മാറ്റങ്ങളിലൂടെ അധികൃതർ ലക്ഷ്യംവെക്കുന്നു.
ബിസിനസ് രംഗത്തെ പ്രകടനം വിലയിരുത്തുന്നതിനും തൊഴിൽ മേഖല മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിനുമുള്ള ഇ-കൺസൽട്ടൻസി സേവനം, തൊഴിൽ വേതന വ്യവസ്ഥകൾ, സൗദി തൊഴിൽ നിരക്ക്, തൊഴിൽ സുസ്ഥിരത തുടങ്ങിയവ തൊഴിൽരംഗത്തെ വിവിധ മാർഗനിർദേശങ്ങൾ ക്വിവ വഴി ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.
തൊഴിൽരംഗത്തെ നടപടിക്രമങ്ങളുടെ കാലതാമസവും നിയമലംഘനങ്ങളും ഒഴിവാക്കാൻ തൊഴിലുടമകളെ സഹായിക്കാനും ഈ പ്ലാറ്റ്ഫോം വഴി സാധിക്കുന്നു.തൊഴിലുടമകളും തൊഴിൽ മന്ത്രാലയവും തമ്മിലുള്ള ആശയവിനിമയം നടത്താനും അതുവഴി തൊഴിൽ മേഖലയിലെ നിയമവ്യവസ്ഥകളെ കുറിച്ചുള്ള അവബോധം ലഭിക്കാനും കഴിയും. തൊഴിൽ മേഖല കുറ്റമറ്റതാക്കി പരിവർത്തിപ്പിക്കാനും ക്വിവ ഏറെ സഹായകരമാകുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.