മദീന: പ്രവാചകനഗരത്തിൽ പുതുതായി രണ്ട് ആശുപത്രികൾ നിർമിക്കുന്നു. അൽ-അൻസാർ, അൽ-സലാം എന്നിവയാണ് മദീനയിൽ പുതുതായി സ്ഥാപിക്കുന്ന വലിയ ആശുപത്രികൾ. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ആശുപത്രികളുടെ നിർമാണത്തിനുള്ള കരാർ ഒപ്പുവെച്ചു. ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, ആരോഗ്യമന്ത്രി ഫഹദ് അൽജലാജിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അൽ-അൻസാർ ആശുപത്രി നിർമാണത്തിനുള്ള കരാർ ആരോഗ്യമന്ത്രാലയവും തമാസുഖ്-അൽഗാനിം ഇൻറർനാഷനൽ കമ്പനി സഖ്യവും തമ്മിലാണ് ഒപ്പുവെച്ചത്.
244 കിടക്കകളുള്ള ആശുപത്രി രാജ്യത്ത് ബി.ഒ.ടി അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന ആദ്യത്തെ പദ്ധതിയാണ്. മദീന നിവാസികൾക്കും തീർഥാടകർക്കും സേവനം നൽകുന്നതിനായി നടപ്പാക്കുന്ന പദ്ധതി മസ്ജിദുന്നബവിയിൽനിന്ന് 1.1 കിലോമീറ്റർ വടക്കുകിഴക്കാണ്. 13,035 ചതുരശ്ര മീറ്റർ വിസ്തൃതി വലുപ്പത്തിലാണ് ഇത് നിർമിക്കുന്നത്.
മറ്റൊരു കരാർ അൽസലാം വഖഫ് ആശുപത്രി പദ്ധതിയാണ്. മസ്ജിദുന്നബവിക്ക് പടിഞ്ഞാറ് 61 കിടക്കകളോടുകൂടിയതാണിത്. മദീന ഹെൽത്ത് സെൻറർ, ഇഹ്സാൻ ചാരിറ്റബിൾ പ്ലാറ്റ്ഫോം, മദീന അൽഷിഫ ഹെൽത്ത് എൻഡോവ്മെൻറ് എന്നിവരാണ് കരാർ ഒപ്പുവെച്ചത്. എട്ട് കോടി റിയാലാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
കൂടാതെ ചടങ്ങിൽ വെച്ച് മൂന്ന് ആരോഗ്യപദ്ധതികൾ മദീന ഗവർണർ ഉദ്ഘാടനം ചെയ്തു. 71 കിടക്കകൾ ശേഷിയുള്ള അൽഹറം ആശുപത്രി ഇതിലൊന്നാണ്. മേഖല വികസന അതോറിറ്റിയുടെ പിന്തുണയോടെ നൂതന സംവിധാനങ്ങളിൽ നടപ്പാക്കിയ ഈ ആശുപത്രി മസ്ജിദുന്നബവിയിൽനിന്ന് ഏകദേശം 500 മീറ്റർ വടക്കുപടിഞ്ഞാറാണ്. പ്രാഥമികാരോഗ്യ സംരക്ഷണത്തിനായുള്ള ത്വയ്ബ, അൽസലാം ആരോഗ്യകേന്ദ്രങ്ങളും ഗവർണർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.