റിയാദ്: ഇറാനുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അസ്സഊദ്. സുരക്ഷയും സ്ഥിരതയും ഏകീകരിക്കുകയും വികസനവും സമൃദ്ധിയും കൈവരിക്കാൻ ഇരുരാജ്യങ്ങളെയും മേഖലയെ ആകമാനവും സഹായിക്കുകയും ചെയ്യും. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിലൂടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ തർക്കങ്ങൾക്കും പരിഹാരമായി എന്നർഥമില്ലെന്നും ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. ‘അശ്ശർഖുൽ ഔസത്ത്’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
2016ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും തീരുമാനത്തെ തുടർന്ന് രണ്ടുമാസത്തിനുള്ളിൽ റിയാദിലും തെഹ്റാനിലും എംബസികൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന സുദീർഘമായ ചർച്ചയുടെ ഒടുവിലെത്തിച്ചർന്ന സമവായത്തിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ, ഇറാനിയൻ വിദേശകാര്യമന്ത്രിയുമായി വൈകാതെ കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നും അമീർ ഫൈസൽ പറഞ്ഞു.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ കൂടിക്കാഴ്ചക്ക് സ്വാഭാവികമായി അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ കാതൽ നയതന്ത്ര ബന്ധമാണ്. വിസ്തൃതിയിലും സ്വാധീനത്തിലും മുന്നിലുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും കാര്യത്തിൽ അതിന് ഇരട്ടി പ്രാധാന്യമുണ്ട്. മതപരവും ചരിത്രപരവും സാംസ്കാരികവുമായ നിരവധി ബന്ധങ്ങൾ പങ്കിടുന്നവയാണ് ഇരു രാഷ്ട്രങ്ങളും. കഴിഞ്ഞ രണ്ടുവർഷമായി ഇറാഖിലും ഒമാനിലും നടന്ന നിരവധി ചർച്ചകൾക്കുശേഷമാണ് ചൈനയുടെ മധ്യസ്ഥതയിൽ കരാറിൽ എത്തിച്ചേർന്നത്.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലക്ക് സൗദി അവധാനതയുടെ പാതയിലൂടെയാണ് മുന്നോട്ടുപോകുന്നത്. കരാർ വ്യവസ്ഥകൾ പാലിക്കാൻ നാമും പ്രതിജ്ഞാബദ്ധരാണ്. രാജ്യങ്ങൾക്കും മേഖലക്കുമിടയിൽ സഹകരണവും ഏകോപനവും സാധ്യമാക്കാനും ആധിപത്യത്തിനു പകരം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള താൽപര്യം ഇരു രാഷ്ട്രങ്ങൾക്കുമുണ്ടെന്നതിൽ സംശയമില്ല. അത്തരമൊരു സമീപനം നല്ല ഭാവിക്കും തലമുറകളുടെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്കാരത്തിനും ഇടയാക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറാന്റെ ആണവശേഷിയുടെ തുടർച്ചയായ പരിപോഷണം ആശങ്കജനകമാണ്. ഗൾഫ് മേഖലയും മധ്യപൗരസ്ത്യ ദേശവും കൂട്ടനശീകരണ ആയുധങ്ങളിൽനിന്ന് മുക്തമാകണമെന്നുള്ള നിലപാട് ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആണവ വാഗ്ദാനങ്ങളിൽ പ്രതിജ്ഞാബദ്ധരാകാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ശക്തമാക്കാനും ഇറാനോട് ആവശ്യപ്പെടുന്നു.
അത് ഉറപ്പാക്കാൻ ഞങ്ങൾ സഖ്യകക്ഷികളുമായും സുഹൃത്തുക്കളുമായും ചേർന്ന് നടത്തുന്ന പ്രവർത്തനം തുടരും -അർഥശങ്കക്കിടയില്ലാത്ത വിധം മന്ത്രി നിലപാട് വ്യക്തമാക്കി. ചൈനയുടെ മാധ്യസ്ഥ്യം മേഖലയിലെ സഹവർത്തിത്വവും സുരക്ഷയും രാജ്യങ്ങൾ തമ്മിലുള്ള നല്ല അയൽപക്ക ബന്ധവും ശക്തിപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയാൽ അടയാളപ്പെടുത്തുന്ന ഒരു പ്രാദേശിക അന്തരീക്ഷം ഒരുക്കുന്നതിൽ മൂന്ന് രാജ്യങ്ങൾക്കും സംയുക്ത താൽപര്യമുണ്ട്. അതുവഴി ജനങ്ങൾക്ക് സാമ്പത്തിക വികസനവും അഭിവൃദ്ധിയും ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യകരമായ പ്രാദേശിക, അന്തർദേശീയ പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് സാധ്യവുമാകും -അമീർ ഫൈസൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.