ജിദ്ദ: ആഗോളതലത്തിൽ പവിഴപ്പുറ്റ് സംരക്ഷണം ലക്ഷ്യമിട്ട് 38ാമത് അന്താരാഷ്ട്ര സമ്മേളനം ജിദ്ദയിൽ തിങ്കളാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വരെ നീളുന്ന സമ്മേളനത്തിൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനാനുഭവങ്ങൾ കൈമാറുന്നതിനും ഭാവി പ്രവണതകളും നിലവിലെ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷണ മേഖലകളിലെ വിദഗ്ധർ, ഗവേഷകർ എന്നിവർ പെങ്കടുക്കും.
കാലാവസ്ഥ വ്യതിയാനം, മലിനീകരണം, സുസ്ഥിരമല്ലാത്ത മത്സ്യബന്ധന രീതികൾ എന്നിവ പോലുള്ള ഭീഷണികളിൽനിന്ന് പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള വഴികൾ മെച്ചപ്പെടുത്തുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പവിഴപ്പുറ്റുകളെ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ സർക്കാറുകളും സർക്കാറിതര സംഘടനകളും സ്വകാര്യ കമ്പനികളും തമ്മിലുള്ള അന്തർദേശീയ സഹകരണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളും സമുദ്ര ആവാസവ്യവസ്ഥകളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷട്ര പ്ലാറ്റ്ഫോമാണിത്. അംഗത്വത്തിൽ 45 രാജ്യങ്ങൾ ഉൾപ്പെടുന്നു.
ലോകത്തിലെ പവിഴപ്പുറ്റുകളുടെ 75ശതമാനം ഇവ ഉൾക്കൊള്ളുന്നു. പവിഴപ്പുറ്റുകളുടെ സംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കിടയിൽ ശ്രദ്ധയുടെയും ആശയവിനിമയത്തിന്റെയും കേന്ദ്രമായി ചെങ്കടലിലെ പവിഴപ്പുറ്റുകളുടെയും കടലാമകളുടെയും സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടന മാറിയിരിക്കുകയാണെന്ന് സി.ഇ.ഒ ഡോ. ഖാലിദ് ഇസ്ഫഹാനി പറഞ്ഞു.
‘ഗ്ലോബൽ കോറൽ റീഫ് ഇനിഷ്യേറ്റിവ്’ അതിലുൾപ്പെടും. ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും തീരുമാനങ്ങൾ എടുക്കുന്നവരുടെയും ഒരു മികച്ച ഗ്രൂപ്പിനെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
പവിഴപ്പുറ്റുകളുടെ സംരക്ഷണ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും ആശയങ്ങളും അനുഭവങ്ങളും അവർ കൈമാറാനുമാണിത്. സാമ്പത്തിക വികസനത്തോടൊപ്പം സമുദ്ര പാരിസ്ഥിതിക സ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനുമാണെന്നും ഇസ്ഫഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.