റിയാദ്: അബഹക്കും ദോഹക്കുമിടയിൽ ഖത്തർ എയർവേസ് സർവിസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ എയർവേസ് എന്നിവയുടെ സംയുക്ത എയർ കണക്ടിവിറ്റി പ്രോഗാമിന്റെ ഭാഗമായാണിത്.
സൗദിയെ ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം 33 കോടിയായി വർധിപ്പിക്കാനും 2030ഓടെ 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര സർവിസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടാണിത്.
ഇത് യാത്രക്കും വിനോദസഞ്ചാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കും. രാജ്യത്തിനകത്തും അറബ്, ഗൾഫ് രാജ്യങ്ങളിലും ആഗോള തലത്തിലും ഒരു വിനോദ സഞ്ചാരകേന്ദ്രമായി മാറാനുള്ള അസീർ മേഖലയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും. 2030ഓടെ പ്രതിവർഷം 91 ലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് അസീർ മേഖല ലക്ഷ്യമിടുന്നത്.
മേഖലയിലെ അടിസ്ഥാന സൗകര്യ, കണക്ടിവിറ്റി പദ്ധതികൾ ത്വരിതഗതിയിലാക്കും. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരണ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റൂട്ട്, ആഗോള വിപണികളുമായുള്ള സൗദിയുടെ വ്യോമബന്ധം വിപുലീകരിക്കുന്നതിലും സന്ദർശകർക്ക് സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിലുമാണ് എയർ കണക്ടിവിറ്റി പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഖത്തർ എയർവേസുമായുള്ള ഭാവി സഹകരണത്തിനും ഇത് വഴിയൊരുക്കും.
ആഴ്ചയിൽ രണ്ട് വിമാനങ്ങൾ എന്ന നിരക്കിലാണ് അബഹയിലേക്ക് ഖത്തർ എയർവേസ് സർവിസ് നടത്തുക. ലോകമെമ്പാടുമുള്ള 170 ലധികം ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുന്ന കമ്പനിയുടെ വളരുന്ന ആഗോള ശൃംഖലയിലൂടെ യാത്രക്കാർക്ക് ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിന് ഇത് എളുപ്പമാകും. സൗദിയിലെ 11ാമത്തെ ലക്ഷ്യസ്ഥാനമാണ് അബഹ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.