ദമ്മാം: അഴിമതിക്കേസിൽ മുൻ മേജർ ജനറലടക്കം 20ലേറെ വരുന്ന സംഘം ആഭ്യന്തര മന്ത്രാലയത്തിെൻറ പിടിയിൽ. 'നസാഹ' എന്ന ശീർഷകത്തിൽ ദേശീയ തലത്തിൽ രൂപവത്കരിച്ച അഴിമതി വിരുദ്ധ അതോറിറ്റിയാണ് കുറ്റമറ്റ അന്വേഷണങ്ങൾക്കൊടുവിൽ സംഘത്തെ പിടികൂടിയത്. മുൻ മേജർ ജനറൽ, 21 ഉന്നത വ്യവസായികൾ, ഒരു അറബ് വംശജൻ എന്നിവരാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കസ്റ്റഡിയിലുള്ളത്. അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം, സ്വകാര്യ താൽപര്യങ്ങൾക്കായി കരാറുകളുടെ ദുരുപയോഗം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
നിയമവിരുദ്ധമായ രീതിയിൽ സ്വകാര്യ കമ്പനികൾക്ക് കരാറുകൾക്ക് അനുമതി നൽകുകയും ഇതുവഴി അനധികൃതമായി പണം സമ്പാദിക്കുകയുമായിരുന്നു സംഘത്തിെൻറ രീതി. ഇത്തരത്തിൽ കൈക്കലാക്കിയ സമ്പാദ്യം രാജ്യത്തിനകത്തും പുറത്തും റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. 400 ദശലക്ഷം റിയാലോളം ഇത്തരത്തിൽ സമ്പാദിക്കുകയും ക്രയവിക്രയം ചെയ്യുകയും ചെയ്തുവെന്നാണ് വിവരം.
പണമിടപാടിെൻറ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ പണം തിരിച്ചെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുന്നുണ്ട്. സൗദി ആൻറി കറപ്ഷന്‍ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചായിരുന്നു ഓപറേഷൻ.മറ്റൊരു കേസിൽ റോയൽ കോർട്ടിലെ ഉന്നത ഉദ്യോഗസ്ഥനും രണ്ട് സ്വദേശി പൗരൻമാരും കസ്റ്റഡിയിലായി. വഴിവിട്ട രീതിയിൽ അപേക്ഷകൾക്ക് അനുമതി നൽകുകയും പകരം കൈക്കൂലി വാങ്ങുകയും ചെയ്തുവെന്നാണ് കേസ്.
ഈ കേസിൽ 2.85 ദശലക്ഷം റിയാലോളം ഉദ്യോഗസ്ഥൻ കൈപ്പറ്റിയതായാണ് വെളിപ്പെടുത്തൽ. ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ കേസിെൻറ തുടർ നടപടികൾ പുരോഗമിക്കുന്നതായും അഴിമതിക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നേരിട്ട് നേതൃത്വം നല്കുന്ന, 2017 നവംബര്‍ നാലിനാരംഭിച്ച സൗദി ആൻറി കറപ്ഷന്‍ അതോറിറ്റിയുടെ നടപടികളിൽ ഉന്നതരടക്കം ഒട്ടേറെ പേരാണ് അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.