ദമ്മാം: 10,006 പ്രവാസ ദിനങ്ങൾ. സൗദി അറേബ്യയോട് ഒടുവിൽ അനിവാര്യമായ വിടപറയലിന് ഒരുങ്ങുേമ്പാൾ ഇവിടെ ജീവിച്ച ദിനങ്ങളൊന്ന് എണ്ണിനോക്കുകയായിരുന്നു എം.എം. നഈം. 22ാം വയസ്സിലാണ് സൗദിയിലേക്ക് വിമാനം കയറിയത്. ഇപ്പോൾ വയസ്സ് 50. അതായത്, ജനിച്ച നാട്ടിൽ ജീവിച്ചതിനെക്കാൾ എട്ട് വർഷം കൂടുതലായി സൗദിയിൽ. പ്രവാസ ഭൂമികയിലെ രാഷ്ട്രീയ സാംസ്കാരിക സംഘടനാ രംഗത്തും മാധ്യമ രംഗത്തും നിറസാന്നിധ്യമായിരിക്കെ മടങ്ങുന്നത് നിറഞ്ഞ മനസ്സോടെയാണ്.
ദമ്മാമിലെ വലിയ മലയാളി കൂട്ടായ്മകളിലൊന്നായ നവോദയ കലാസാംസ്കാരിക വേദിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ നഈമിന് ഈ കാലത്തിനിടെ നിറമുള്ള ഒരുപിടി നേട്ടങ്ങൾ പ്രവാസി സമൂഹത്തിന് സമ്മാനിക്കാനായി. നിലവിൽ നവോദയ കേന്ദ്ര രക്ഷാധികാരി, മലയാള മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ്, ലോക കേരള സഭാംഗം തുടങ്ങിയ പദവികളിലിരിക്കെയാണ് നഈമിന്റെ മടക്കം.
മലപ്പുറം പെരിന്തൽമണ്ണ, തിരൂർക്കാട്, മരത്തൊടി വീട്ടിൽ എം.എം. നഈം 1996 ലാണ് ജിദ്ദയിൽ പ്രവാസിയായി ജീവിതം തുടങ്ങിയത്. ഒരു വർഷത്തിനുശേഷം ദമ്മാമിലേക്ക് പറിച്ചു നടപ്പെട്ടു. അന്ന് ജിദ്ദയിൽ പ്രവർത്തിച്ചിരുന്ന നവോദയ എന്ന ഇടതുപക്ഷ രാഷ്ട്രീയസംഘടനയെ കൂടിയാണ് നഈം ദമ്മാമിലേക്ക് കൊണ്ടുവന്നത്. ജിദ്ദ നവോദയയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം.എം. മുസ്തഫ, എം.എം. മൻസൂർ, ഇ.എം. കബീർ, ഹബീബ് ഏലംകുളം, ഹനീഫ തുടങ്ങിയവരെ ഒപ്പം കിട്ടിയതോടെ ദമ്മാം പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളങ്ങൾ പതിച്ച ദമ്മാം നവോദയ രൂപം കൊണ്ടു. പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും 2001 സെപ്റ്റംബർ 21 ന് നടന്ന കൺവൻഷനിലാണ് നവോദയ ഔദ്യോഗികമായി നിലവിൽ വന്നത്.
തുടർന്ന് നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി, പ്രസിഡൻറ്, രക്ഷാധികാരി തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ പലരെയും ദമ്മാമിലെത്തിച്ചത് നവോദയയാണ്. സമുന്നത നേതാക്കളായ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ദമ്മാമിലെത്തിച്ചത് നഈം കേന്ദ്ര സെക്രട്ടറിയായിരുന്ന കാലത്താണ്. പാലോളി, വിജയരാഘവൻ, എളമരം കരീം, ആനത്തലവട്ടം ആനന്ദൻ തുടങ്ങി നിരവധിപേർ നവോദയയുടെ ആതിഥ്യം സ്വീകരിച്ചെത്തുമ്പോൾ തലപ്പത്ത് നഈം ഉണ്ടായിരുന്നു. ഒ.എൻ.വി, എം.ടി. വാസുദേവൻ നായർ തുടങ്ങി നിരവധി എഴുത്തുകാർക്കും നവോദയ ആതിഥ്യമരുളി. 2005 മുതൽ കൈരളി ടി.വിയുടെ റിപ്പോർട്ടറായ നഈം ഇപ്പോൾ കൈരളി സൗദി കോഓഡിനേറ്ററാണ്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും നഈമിന് കഴിഞ്ഞു. തിരുവന്തപുരം കാൻസർ സെൻററുമായി ചേർന്ന് നടത്തിയ കാമ്പയിൻ വൻ വിജയം കണ്ടു. ’ദിയാ’ധനം നൽകാനില്ലാതെ കാലങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന 17 ഓളം ആളുകൾക്ക് ജീവിതം തിരിച്ചുകിട്ടാൻ നഈമിെൻറ നേതൃത്വത്തിൽ നവോദയക്ക് കഴിഞ്ഞു. ഇക്കാര്യത്തിൽ ‘ഗൾഫ് മാധ്യമ’വും വലിയ പിന്തുണ നൽകിയതായി നഈം പറയുന്നു. കുടുംബത്തിന് കൂട്ടാകാനാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. ഭാര്യ ഹസീന ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ അധ്യാപികയായിരുന്നു.
നിഹാൽ, നസ്മിൻ, നിമ എന്നിവർ മക്കളാണ്. യൗവനം മുഴുവൻ ചെലവഴിച്ചത് ഈ മണ്ണിലാണ്. ഹൃദയം കൊണ്ട് ഇവിടം വിട്ടുപോകാനാവാതെ ഇവിടെ അലിഞ്ഞുചേർന്നിരിക്കുന്നു. പക്ഷേ, അനിവാര്യമായ യാത്രയെ നിഷേധിക്കാനാവാത്തതിനാൽ മടങ്ങുന്നു എന്നുമാത്രം -നഈം പറയുന്നു. നവോദയ സംസ്കാരിക വേദി നഈമിന് യാത്രയയപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.