റിയാദ്: കോവിഡ്കാലത്ത് കമ്പനി പൂട്ടി വഴിയാധാരമായ മലയാളി, സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ജീവിതം വഴിമുട്ടിയപ്പോൾ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചുപോയ തിരുവല്ല സ്വദേശി ഓമനക്കുട്ടനാണ് ഒടുവിൽ നാടണഞ്ഞത്.ജിദ്ദ, റിയാദ്, അൽകോബാർ, ദവാദ്മി, വാദി ദവാസിർ എന്നിവിടങ്ങളിൽ ശാഖകളുള്ള ഒരു സ്വകാര്യ കമ്പനിയിലാണ് ഓമനക്കുട്ടൻ ജോലി ചെയ്തിരുന്നത്. അപ്രതീക്ഷിതമായ കോവിഡ് പ്രതിസന്ധിയിൽ കമ്പനി പൂട്ടി.
ഇതോടെ, ജോലി നഷ്ടമായ തൊഴിലാളികളിൽ ഇന്ത്യക്കാർ ഇന്ത്യൻ എംബസി, സൗദി ലേബർ ഓഫിസ് എന്നിവയുടെ സഹായത്തോടെ മടങ്ങിയെങ്കിലും ഓമനക്കുട്ടന്റെ കാര്യത്തിൽ മാത്രം തീരുമാനമായിരുന്നില്ല. ജോലി നഷ്ടപ്പെടുകയും നാട്ടിൽ പോകാനാകാതെ ബുദ്ധിമുട്ടിലാവുകയുംചെയ്തപ്പോൾ പ്രവാസി മലയാളി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷിബു ഉസ്മാനെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. വിഷയം റിയാദ് സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജഹാൻ ചാവക്കാട് ഏറ്റെടുക്കുകയും തുടർന്ന് നടത്തിയ ശ്രമങ്ങൾ നാട്ടിലേക്കുള്ള വഴിതുറക്കുകയുമായിരുന്നു.
എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും ലേബർ ഓഫിസിലുമായി വിവിധ നിയമനടപടികൾ ശരിയാക്കാൻ നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ കൂടി ഇടപെട്ടു. ഇന്ത്യൻ കോൺസുലേറ്റ് വഴി നടത്തിയ ശ്രമത്തിലൂടെ എക്സിറ്റ് വിസ കിട്ടി. പ്രമേഹരോഗികൂടിയായിരുന്ന ഓമനക്കുട്ടൻ റിയാദിൽ ഷാജഹാന്റെ റൂമിലായിരുന്നു രണ്ടുമാസം കഴിഞ്ഞത്. ബത്ഹയിലെ ന്യൂ സഫാ മക്ക പോളിക്ലിനിക്കിലെ ശുശ്രൂഷയും അദ്ദേഹത്തിന് ആശ്വാസം നൽകി.
സ്റ്റാഫ് നഴ്സ് സിമി ജോൺസൻ പരിചരണം നൽകി. സ്പൈസ് ജെറ്റ് വിമാനത്തിൽ ഓമനക്കുട്ടൻ നാട്ടിൽ എത്തി. ഭാരവാഹികളായ സുരേഷ് ശങ്കർ, ഷാജഹാൻ ചാവക്കാട്, ജോൺസൺ, സലിം വാലില്ലാപ്പുഴ, റസ്സൽ ഖമറുദ്ദീൻ, സിയാദ് വർക്കല, ഷിറാസ് തിരുവനന്തപുരം, അൻസാർ പള്ളുരുത്തി, സിയാദ് താമരശ്ശേരി, ആൻഡ്രിയ ജോൺസൺ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിമാന ടിക്കറ്റും മറ്റു യാത്രാരേഖകളും സിമി ജോൺസൺ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.