ജിദ്ദ: സൗദിയിൽ വരുംദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നത് മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്. കോവിഡ് ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ആശുപത്രി പ്രവേശനവും രോഗതീവ്രതയും കുറക്കാൻ അതിലൂടെ സാധിച്ചിട്ടുണ്ട്. വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്ത വിഭാഗത്തിലാണ് നിലവിൽ ആശങ്കയുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പൂർണമായും കോവിഡ് വാക്സിനെടുക്കാത്തവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് ഒമിക്രോൺ വകഭേദമാണ് കോവിഡ് കേസുകൾ വർധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. 'യാഹലാ' ടി.വി പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തീവ്ര പരിചരണം ആവശ്യമായ കേസുകൾ വാക്സിൻ സ്വീകരിക്കാത്തതോ, ഡോസുകൾ പൂർത്തിയാക്കാത്തതോ ആയ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഒമിക്രോൺ അതിവേഗം പടരുന്ന വകഭേദങ്ങളിലൊന്നാണ്. ഒമിക്രോൺ ബാധിതരുടെ എണ്ണം യഥാർഥ കോവിഡ് ബാധിതരുടെയും എല്ലാ വകഭേദങ്ങളുടെയും പകുതിയിലധികം കവിഞ്ഞതായും ആരോഗ്യ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.