റിയാദ്: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലനിൽപ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന തരത്തിലുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചതെന്ന് റിയാദിലെ കേളി സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണിത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്. തുടർച്ചയായി സർവ മേഖലയിലും രാജ്യത്ത് തന്നെ ഒന്നാമതും ലോകോത്തര നിലവാരമുള്ളതുമായ നേട്ടം കൈവരിച്ച കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണ് കേന്ദ്ര ഗവൺമെന്റിന്റെത്.
കേരളം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതിന് കേന്ദ്രം തയാറായില്ല. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചവയാണ്.
പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. അതിവേഗ ട്രെയിൻ പദ്ധതി പോയിട്ട് തുരങ്ക പാത നിർമാണത്തിനോ നാണ്യവിളകൾക്കും റബറിനും താങ്ങുവില പ്രഖ്യാപിക്കുന്നതിനോ ധനമന്ത്രി തയാറായിട്ടില്ല. നാടിന്റെ നട്ടെല്ലെന്ന് ആവർത്തിച്ചു പറയുന്ന പ്രവാസികളെ പരിഗണിക്കാൻ പോലും ബജറ്റ് തയാറായിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉടനീളം കാണാൻ കഴിയുന്നത്.
കാർഷിക മേഖലയിലടക്കം സംസ്ഥാനങ്ങൾ നേരിട്ട് ഇടപെട്ട് നടത്തേണ്ട കാര്യങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുകയും വായ്പാപരിധി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം പണം ചെലവിടാൻ കഴിയാതെ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ ബജറ്റ്.
ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുകൊണ്ട് ചിലരെ മാത്രം തൃപ്തിപ്പെടുത്തുന്ന ബജറ്റാണിതെന്നും കേരളത്തോട് നിരന്തരമായി കാണിക്കുന്ന അവഗണനയിൽ കേളി കലാസാംസ്കാരിക വേദിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.