ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ വ്യവസായികനഗരിയായ ജുബൈലിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിനേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചു. നിർമാണപ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും പൂർത്തിയാക്കി ഞായറാഴ്ചയാണ് ഉദ്ഘാടനം നിർവഹിച്ചത്. കിഴക്കൻ പ്രവിശ്യ ആരോഗ്യവകുപ്പ് മേധാവി ഡോ. അബ്ദുൽ അസീസ് അൽഖാമിദി, ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സഊദ് അൽമാത്റാഫീ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
കുത്തിവെപ്പിനുള്ള സൗകര്യങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയ ആരോഗ്യമന്ത്രാലയത്തെ ഡോ. സഊദ് അൽമാത്റാഫീ പ്രകീർത്തിച്ചു. ജുബൈൽ ജനറൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് പത്തോളം ചെറിയ ക്ലിനിക്കുകളിലായാണ് സെൻററുകൾ സജ്ജീകരിച്ചത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംവിധാനിച്ച ക്ലിനിക്കുകളിൽ ദിനേന 1500 പേർക്കുവരെ കുത്തിവെപ്പെടുക്കാം.
വാഹന പാർക്കിങ് ഉൾപ്പെടെയുള്ള ഭൗതികസംവിധാനങ്ങൾ വേഗത്തിൽ സജ്ജീകരിക്കാനാവും എന്നതിനാലാണ് ആശുപത്രിയോടു ചേർന്നുതന്നെ സെൻററുകൾ ഒരുക്കിയിരിക്കുന്നത്. പ്രവിശ്യയിലെ വ്യവസായിക നഗരങ്ങളിലൊന്നായ ജുബൈലിൽ കേന്ദ്രം വരുന്നതോടെ പ്രദേശത്തോടു ചേർന്നുള്ള നൂറുകണക്കിന് സ്വദേശികൾക്കും താമസക്കാർക്കും കുത്തിവെപ്പെടുക്കൽ സുഗമമാവും.
നേരേത്ത പ്രവർത്തനമാരംഭിച്ച ദഹ്റാൻ, ഹഫറുൽ ബാതിൻ, അൽഅഹ്സ, റാസ് തന്നുറ എന്നിവക്കുശേഷം പ്രവിശ്യയിലെ അഞ്ചാമത്തെ കേന്ദ്രമായാണ് ജുബൈലിൽ സെൻറർ യാഥാർഥ്യമാവുന്നത്. ജനുവരി രണ്ടാം വാരം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൂടുതൽ വാക്സിനേഷൻ സെൻററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സംവിധാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനുശേഷം, ആഴ്ച്ചകൾക്കകം പ്രവിശ്യയിലെ അഞ്ചു കേന്ദ്രങ്ങളും യാഥാർഥ്യമായി. ദേശീയ വാക്സിനേഷൻ പ്രചാരണ കാമ്പയിന് ഡിസംബർ 17ന് തുടക്കമായെങ്കിലും, മതിയായ അളവിൽ വാക്സിനേഷൻ ആഗോള വിപണിയിൽ ലഭ്യമാവാതിരുന്നതിനാൽ കാലതാമസം നേരിട്ടിരുന്നു. നേരേത്തയുണ്ടായിരുന്ന ഫൈസറിനു പുറമെ അസ്ട്രസെനിക, മോഡേണ എന്നിവക്കുകൂടി അനുമതി നൽകിയതോടെ, മൂന്ന് പ്രമുഖ ആഗോള കമ്പനികളുടെ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് വാക്സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരേത്ത അറിയിച്ചിരുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപരമായ അപകടസാധ്യതയുള്ളവർക്കും ആദ്യ ഘട്ടത്തിലും 50 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാം ഘട്ടത്തിലും വാക്സിൻ നൽകും. മറ്റുള്ളവർക്ക് മൂന്നാം ഘട്ടത്തിലും കുത്തിവെപ്പ് എടുക്കാം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ വിതരണം. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. ഇനിയും ചെയ്യാത്തവർ സിഹത്തീ ആപ് വഴി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.